മസ്കറ്റ്: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികളില്‍ പ്രവേശിക്കുന്നതിന് പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രാലയം നീക്കി. എല്ലാ പ്രായത്തിലുള്ളവര്‍ക്കും പള്ളികളിലേക്ക് പ്രവേശിക്കാമെങ്കിലും, ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. പള്ളികളിലെത്തുന്ന മുഴുവന്‍ വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പള്ളി അധികാരികള്‍ നടപ്പിലാക്കണം
കോവിഡ് പശ്ചാത്തലത്തില്‍ എട്ട് മാസത്തോളമായി അടഞ്ഞുകിടന്നിരുന്ന ഒമാനിലെ 700-ല്‍ പരം പള്ളികള്‍ നവംബര്‍ 15 മുതല്‍ വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. പള്ളികള്‍ തുറന്ന് കൊടുക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍, 400 വിശ്വാസികളെ ഒരേ സമയം ഉള്‍കൊള്ളാന്‍ തക്ക വലിപ്പമുള്ള, വിശാലമായ പള്ളികള്‍ മാത്രമാണ് തുറന്ന് കൊടുത്തിട്ടുള്ളത്. വെള്ളിയാഴ്ച്ചകളിലെ പ്രാര്‍ത്ഥന ഒഴികെ, ദിനവുമുള്ള അഞ്ച് പ്രാര്‍ത്ഥനകള്‍ക്കായാണ് പള്ളികള്‍ തുറക്കാന്‍ അനുവദിച്ചിട്ടുള്ളത്.
നിലവില്‍ ഓരോ പ്രാര്‍ത്ഥനകള്‍ക്കുമായി 25 മിനിറ്റ് മാത്രമാണ് വിശ്വാസികള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവര്‍, രോഗബാധിതരുമായി സമ്പര്‍ക്കത്തിനിടയായവര്‍ എന്നിവര്‍ക്ക് പള്ളികള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ അകലം, മാസ്‌കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പള്ളികളില്‍ നിര്‍ബന്ധമാണ്.