വീസ നിരക്കുകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
മസ്‌കത്ത് : വീസാ നിരക്കുകളില്‍ കുറവു വരുത്തി ഒമാന്‍ ഭരണകുടം ഉത്തരവു പുറപ്പെടുവിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വരിഖ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചു.
സുല്‍ത്താന്റെ നിര്‍ദ്ദേശ പ്രകാരം മാനവി വിഭവ ശേഷി വകുപ്പ് മന്ത്രാലയം വീസ നിരക്കുകള്‍ സംബന്ധിച്ച് നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഈ നടപടി.
തൊഴില്‍ വീസ ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് 301 റിയാലാകും. സ്വദേശിവത്കരണ അനുപാതം പൂര്‍ണമായും നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് 85 ശതമാനം വീസ നിരക്കില്‍ ഇളവുണ്ടാകും. രണ്ട് വര്‍ഷത്തെ തൊഴില്‍ വീസയാണ് ലഭിക്കുക.
പുതിയ നിരക്കുകള്‍ ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 2001 റിയാലായിരുന്നു ഫീസ്. 74 വിഭാഗം ജീവനക്കാര്‍ ഈ ഗണത്തില്‍പെടും.
സ്വദേശിവത്കരണ തോത് പൂര്‍ണമായും നടപ്പിലാക്കിയ കമ്പനികള്‍ക്ക് 211 റിയാലായിരിക്കും പുതുക്കിയ വീസ നിരക്ക്.
601 നും 1001 നും ഇടയില്‍ ഫീസ് ഉണ്ടായിരുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 176 റിയാല്‍ ഇനിമുതല്‍ നല്‍കിയാല്‍ മതിയാകും. ഇവരും സ്വദേശിവത്കരണ അനുപാതം നിശ്ചിത ശതമാനത്തില്‍ നടത്തിയിരിക്കണം.
മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരുടെ വീസ നിരക്ക് 201 റിയാലാക്കിയും കുറച്ചിട്ടുണ്ട്. 301 നും 361 നും ഇടയിലായിരുന്നു ഇവരില്‍ നിന്ന് ഈടാക്കിയിരുന്നത്
അതേസമയം, സ്വദേശിവത്കരണ തോത് നടപ്പിലാക്കിയ സ്ഥാപനങ്ങളില്‍ നിന്ന് 141 റിയാല്‍ മാത്രമാണ് ഈടാക്കുക.
കൃഷി സംബന്ധമായ തൊഴിലിനുള്ള വീസ നിരക്ക് 201 ല്‍ നിന്ന് 141 ആയും കുറച്ചിട്ടുണ്ട്.
മസ്‌കത്ത്. സൗത്ത് ബതിനാ, മുസണ്ടം എന്നീ ഗവര്‍ണറേറ്റുകളിലെ ഷെയ്ഖുമാരുമായി അല്‍ ആലം കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുല്‍ത്താന്‍ പുതിയ തിരുമാനം പ്രഖ്യാപിച്ചത്.
ഒമാനില്‍ 25 ഭക്ഷ്യ വസ്തുക്കളെ കൂടി വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സോയ, ബാര്‍ലി, ഗോതമ്പ്, കാലിത്തീറ്റ എന്നിവയ്ക്കാണ് വാറ്റിളവ്. ഇതു സംബന്ധിച്ച ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതോടെ വാറ്റ് രഹിത സാമഗ്രികളുടെ എണ്ണം 513 ആയി.












