മസ്കറ്റ്: ഒമാനില്‍ ക്വാറന്റീന്‍ ചട്ടം ലംഘിച്ചാല്‍ 20 ദിവസവും തടവും 500 റിയാല്‍ പിഴയും ശിക്ഷ. നിരീക്ഷണത്തിനായി നല്‍കുന്ന ട്രാക്കിങ് ബ്രേസ്‌ലെറ്റ് വീടുകളില്‍ സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രേസ്‌ലെറ്റ്. മന്ത്രാലയത്തിന് കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലോ ആശുപത്രികളിലോ അല്ലെങ്കില്‍ അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലോ വെച്ചുമാത്രമേ ബ്രേസ്‌ലെറ്റ് നീക്കം ചെയ്യാന്‍ പാടുള്ളൂവെന്നാണ് സുപ്രീംകമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.ഇതല്ലാതെ ആരെങ്കിലും വീടുകളില്‍ വെച്ച് കേടുവരുത്താനോ ഊരിമാറ്റാനോ ശ്രമിക്കരുത്. ഇങ്ങനെ ശ്രമിച്ചാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ട്രാക്കിങ് കേന്ദ്രത്തില്‍ മുന്നറിയിപ്പ് ലഭിക്കും.ബ്രേസ്‌ലെറ്റിന് കേടുവരുന്ന പക്ഷം 200 റിയാലും നിയമലംഘനത്തിന് 100 റിയാലും പിഴ ചുമത്തുന്നതിന് വ്യവസ്ഥകളുണ്ട്.
ഒമാനിലേക്ക് എത്തുന്ന സന്ദര്‍ശകരും വിദേശരാജ്യത്ത് നിന്ന് മടങ്ങിവരുന്നവരും നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണ് ബ്രേസ്‌ലെറ്റ് ധരിക്കല്‍.ബ്രേസ്‌ലെറ്റ് ധരിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നതും നിയമലംഘനമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഒമാനിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. വരുന്നവര്‍ക്ക് കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികില്‍സക്കുള്ള ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. തറാസുദ്, ഇമുഷ്‌രിഫ് ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണം. കൈവശം ഒമാനിലെത്തുന്നതിന് 96 മണിക്കൂര്‍ മുമ്പുള്ള കോവിഡ് പരിശോധനാ ഫലം വേണം.
വിമാനത്താവളത്തില്‍ എത്തിയ ശേഷമുള്ള പരിശോധനക്കായി 19 റിയാലും ട്രാക്കിങ് ബ്രേസ്‌ലെറ്റിന്റെ ചാര്‍ജായി ആറ് റിയാലും നല്‍കണം. ഏഴ് ദിവസത്തിന് ശേഷം എട്ടാമത്തെ ദിവസം പി.സി.ആര്‍ പരിശോധനക്ക് വിധേയമാകുന്നവര്‍ക്ക് ക്വാറന്റീന്‍ അവസാനിപ്പിക്കുകയും ചെയ്യാം.