കഴിഞ്ഞ രണ്ടാഴ്ചയായി പള്ളികളിലെ വെള്ളിയാഴ്ച നിസ്‌കാരം ഒഴിവാക്കിയ ഒമാനില്‍ ഈ വെള്ളിയാഴ്ച 50 ശതമാനം പേര്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളാന്‍ അനുമതി നല്‍കി.
മസ്‌കത്ത് : ഒമിക്രോണ്‍ വകഭേദ കേസുകള്‍ വ്യാപിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വെള്ളിയാഴ്ച നിസ്‌കാരം ഒമാനില്‍ പുനരാരംഭിച്ചു. പള്ളികളില്‍ ഉള്‍ക്കൊള്ളാനാകുന്നതിന്റെ 50 ശതമാനം പേര്‍ക്ക് അനുമതി നല്‍കിയാണ് നിസ്‌കാരം പുനരാരംഭിച്ചത്.
മതകാര്യ വകുപ്പാണ് പുതിയ സാഹചര്യം വിലയിരുത്തി ജുമാ നിസ്‌കാരം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.
അതിനിടെ, രാജ്യത്ത് പൊതുപരിപാടികളും മറ്റും നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിലും ഇളവ് നല്‍കിയിട്ടുണ്ട്. അടച്ചിട്ട ഇടങ്ങളിലും ഇളവുകളുണ്ട്. കോണ്‍ഫറന്‍സ് പോലുള്ള ഇവന്റുകള്‍ നടത്തുന്നതിന് ഉള്‍ക്കൊള്ളാനാവുന്നതിന്റെ 70 ശതമാനം പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കിയതായി ടൂറിസം ആന്‍ഡ് ഹെറിറ്റേജ് വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഹോട്ടലുകളിലും മറ്റും കോണ്‍ഫറന്‍സ് ഹാളുകളില്‍ പാര്‍ട്ടികളും മറ്റും നടത്താനാകും.
പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ കോവിഡ് വാക്‌സിന്‍ എടുത്തവരാണെന്ന് ഉറപ്പു വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.












