മസ്കറ്റ്: ഒമാനില്‍ അടുത്ത ആഴ്ച്ച മുതല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി വാക്സിനേഷന്‍ നടപടികള്‍ വിപുലീകരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെക്കുന്നതിനിടയിലാണ് ഒമാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൈദി ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനായി മുന്‍ഗണന നിശ്ചയിച്ചിരുന്ന വിഭാഗങ്ങളില്‍ ഏതാണ്ട് 95% പേരും കുത്തിവെപ്പ് സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കൊപ്പം കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും് വിദ്യാലയങ്ങളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തും.പ്രായമായവര്‍ക്കും, വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ഏതാണ്ട് 60 ശതമാനത്തോളം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ ഒമാനില്‍ നല്‍കിവരുന്ന വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ല, വാക്‌സിന്‍ ഏത് രാജ്യത്ത് ഉത്പാദിപ്പിക്കുന്നു എന്നത് പ്രധാനമല്ലെന്നും, വാക്‌സിന്‍ സുരക്ഷ സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകളാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമെന്ന് ഉറപ്പ് വരുത്താത്ത ഒരു വാക്‌സിനും ഒമാനില്‍ വിതരണം ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.