ഒമാനിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും മസീറയിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നീട്ടാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കമ്മിറ്റിയുടെ പ്രതിവാര യോഗം രാജ്യത്തെ മഹാമാരിയുടെ ഏറ്റവും പുതിയ സാഹചര്യങ്ങളും വ്യാപനം തടയാൻ കൈകൊണ്ട നടപടികളും അവലോകനം ചെയ്തു.
ദോഫാർ, മസീറ ലോക്ഡൗണുകൾ ജൂലൈ 17 നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടാനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. ജൂൺ 13മുതലാണ് രണ്ടിടങ്ങളിലും ലോക്ഡൗൺ നിലവിൽ വന്നത്. ജൂലൈ മൂന്ന് വരെയായിരുന്നു ആദ്യ ഘട്ടം. ഇത് പിന്നീട് ജൂലൈ 17 വരെ നീട്ടുകയായിരുന്നു. സ്വദേശികൾക്ക് വിദേശ യാത്രക്ക് അനുമതി നൽകാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. യാത്രയിലും ഒമാനിലേക്ക് തിരിച്ചെത്തുേമ്പാഴും കർശന ആരോഗ്യ, സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. വിമാനയാത്ര സംബന്ധിച്ച നടപടിക്രമങ്ങൾ ബന്ധപ്പെട്ട അധികൃതർ വൈകാതെ പുറപ്പെടുവിക്കും.
സ്വദേശികളിലും വിദേശികളിലും ഉയരുന്ന രോഗ വ്യാപനത്തിലും മരണനിരക്കിലും സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. രോഗബാധിതരുമായുള്ള സമ്പർക്കവും സന്ദർശനങ്ങളുമാണ് ഒമാനികളുടെ മരണനിരക്ക് ഉയരാൻ കാരണമെന്ന് രോഗം വിലയിരുത്തി. സ്വദേശികളും വിദേശികളും പരമാവധി മുൻ കരുതൽ നടപടികൾ പുലർത്തുകയും രോഗവ്യാപനവും മരണവും കുറക്കുന്നതിനുള്ള പ്രതിരോധ നടപടികൾ പാലിക്കുകയും വേണമെന്ന് സുപ്രീം കമ്മിറ്റി ചൂണ്ടികാട്ടി.













