Web Desk
ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഗുരുതരമായ വിധത്തിൽ ഉയരുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സൗദി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 9000 പേർക്കാണ് രോഗം ബാധിച്ചത്. 43 പേർ മരണപ്പെടുകയും ചെയ്തു. ആറ് ആഴ്ചയായി രോഗികളുടെ എണ്ണത്തിലും മരണത്തിലും കാര്യമായ വർധനവ് ദൃശ്യമാണ്. പ്രതിരോധ നടപടികൾ പാലിക്കാനുള്ള ചിലരുടെ വിമുഖതയാണ് ഇതിന് കാരണമെന്നും സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു.
മഹാമാരിയുടെ ആദ്യ മാസങ്ങളിൽ രോഗ വ്യാപനം തടഞ്ഞുനിർത്താൻ സാധിച്ചിരുന്നു. സർക്കാരിന്‍റെ പരിശ്രമങ്ങൾക്ക് ഒപ്പം പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ ജനങ്ങളുടെ പ്രതിബദ്ധതയുമാണ് ഇതിന് സഹായിച്ചത്. ആദ്യത്തെ നാലുമാസ കാലയളവിൽ 7700 പേർക്കാണ് രോഗം ബാധിച്ചത്. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 27000 പുതിയ രോഗികളാണ് ഉണ്ടായത്. കോവിഡ് സ്ഥിരീകരിക്കുന്ന പലരും ഒരു കുറ്റബോധവുമില്ലാതെ ജനങ്ങളുമായി ഇടപഴകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു വഴി സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെയും സമൂഹത്തിെൻറയും ആരോഗ്യമാണ് പലരും അപകടാവസ്ഥയിലാക്കുന്നത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ലോക്ഡൗൺ അടക്കം സഞ്ചാര വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തു. ജനങ്ങൾ സാമൂഹികവും ധാർമികവും മതപരവും ദേശീയവുമായ ഉത്തരവാദിത്വം കാണിക്കുന്നതിലൂടെ മാത്രമേ മഹാമാരിയുടെ വ്യാപനം തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി ഓർമിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി ഫീൽഡ് ആശുപത്രി തുടങ്ങാനും പദ്ധതിയുണ്ട്. ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്തതിന് ഒപ്പം സാമൂഹിക വ്യാപനം കൂടി ശ്രദ്ധയിൽപ്പെട്ടാൽ ചില മേഖലകളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മുഖാവരണം ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കുന്നതിന് ആലോചനയുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഗതാഗത മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസി പറഞ്ഞു. നിലവിൽ 20 റിയാലാണ് പിഴ. നിയമലംഘനം സംബന്ധിച്ച പരിശോധന ഊർജിതമാക്കുന്നതും ആലോചനയിലുണ്ട്. വേയാമയാന മേഖലയുടെ പ്രവർത്തന ചെലവ് അവലോകനം ചെയ്യുകയും കുറക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൈലറ്റുമാർ അടക്കം നിരവധി ജീവനക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്രമാധ്യമങ്ങളുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്ന കാര്യം അടുത്ത സുപ്രീം കമ്മിറ്റി യോഗം പരിഗണിക്കുമെന്നും അൽ ഫുതൈസി പറഞ്ഞു. കായിക പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കില്ല. ജിംനേഷ്യങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നത് ഇപ്പോഴുംആലോചനയിലാണ്. മഹാമാരി കാലയളവിൽ സ്വദേശികൾക്ക് രാജ്യം വിടാൻ അനുമതിയുണ്ടാകില്ല. അതിർത്തികൾ അടഞ്ഞു കിടക്കും. രാജ്യത്ത് വരുന്ന എല്ലാവർക്കും ക്വാറന്റൈൻ നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു.