വനിതകള്‍ക്കും കുടുംബവുമൊത്തുള്ള യാത്രക്കാര്‍ക്കും മാത്രമായി കൂടുതല്‍ ടാക്‌സി സര്‍വ്വീസുകള്‍ ഒമാനിലെ പ്രമുഖ ടാക്‌സി കമ്പനിയായ ഒടാക്‌സി ആരംഭിക്കുന്നു
മസ്‌കത്ത് : ഒമാനിലെ പ്രമുഖ ടാക്‌സി കമ്പനിയായ ഒടാക്‌സി വനിതകള്‍ക്കും ഫാമിലി യാത്രക്കാര്‍ക്കും മാത്രമായി വനിതകള്‍ ഓടിക്കുന്ന ടാക്‌സി സര്‍വ്വീസുകള്‍ വ്യാപകമാക്കുന്നു.
നിലവില്‍ 20 ടാക്‌സികള്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. ഇത് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇരുന്നൂറാക്കുകയാണ് ലക്ഷ്യം.
2022 ജനുവരിയിലാണ് ഒടാക്‌സി വനിതാ ക്യാബുകള്‍ ആരംഭിച്ചത്. മസ്‌കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സര്‍വ്വീസ് വിജയകരമാകുകയും കൂടുതല്‍ പേര്‍ ഈ വാഹനങ്ങളെ ആശ്രയിക്കുന്നതും കണക്കിലെടുത്താണ് പുതിയതായി ഇരുന്നൂറു വനിതാ ഡ്രൈവര്‍മാരെ കൂടി പരിശീലനം നല്‍കി നിയോഗിക്കുന്നത്.
പിങ്കും വെള്ളയും കലര്‍ന്ന യൂണിഫോം ധരിച്ചാണ് വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍ കാറുകള്‍ ഓടിക്കുന്നത്.
അടുത്ത മൂന്നു മാസത്തിനുള്ളില്‍ 50 കാറുകള്‍ കൂടി ഇത്തരത്തില്‍ നിരത്തിലിറക്കും. ഒരു വര്‍ഷം കൊണ്ട് 200 വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും.
നിലവില്‍ മസ്‌കത്തില്‍ മാത്രമാണ് ഈ സര്‍വ്വീസ് ഉള്ളത്. മറ്റു പ്രവിശ്യകളിലും ഇനി സര്‍വ്വീസ് ആരംഭിക്കുമെന്ന് ഒടാക്‌സി സിഇഒ എഞ്ചി, ഹാരിത് അല്‍ മെഖ്ബാല്‍ പറഞ്ഞു.
വനിതാ ടാക്‌സി സര്‍വ്വീസുകള്‍ക്ക് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തെ ട്രാക്ക് ചെയ്യുന്നതിനാല്‍ യാത്ര പോകുന്നവരുടെ സുരക്ഷ ഉറപ്പാകുന്നു. പോകേണ്ട സ്ഥലം റൂട്ട് മാപ്പില്‍ നിശ്ചയിച്ച ശേഷം നിരക്ക് മുന്‍കൂട്ടി അറിഞ്ഞുള്ള യാത്രയാണ് മറ്റൊരു സൗകര്യം.