പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നോണ്‍ ഒപെകിന്റെ സുപ്രധാനം തീരുമാനം.
കുവൈത്ത് സിറ്റി : അടുത്ത മാസം പ്രതിദിനം നാലു ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള നോണ്‍ ഒപെക് രാജ്യങ്ങളുമാണ് 25 ാമത് മന്ത്രിതല യോഗത്തില്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഉത്പാദന നിയന്ത്രണത്തെ അനുകൂലിച്ച രാജ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സൗദിയും കുവൈത്തും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
ഉത്പാദന നിയന്ത്രണം എടുത്ത് കളഞ്ഞ് കൂടുതല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കാനുള്ള ഉപഭോക്തൃരാജ്യങ്ങളുടെ സമ്മര്‍ദ്ദം നിലനില്‍ക്കെയാണ് പുതിയ തീരുമാനം.
നാലു ലക്ഷം ബാരല്‍ ഉത്പാദനം ഉണ്ടാകുമെന്ന തീരുമാനം വന്നതിനെ തുടര്‍ന്ന് ക്രൂഡോയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു.
റഷ്യ യുക്രയിനെ ആക്രമിക്കുന്ന ആശങ്കകള്‍ക്കിടയില്‍ ക്രൂഡ് ഓയില്‍ വില ആഗോള വിപണിയില്‍ ഉയര്‍ന്നിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ യുഎസിന്റെ ക്രൂഡോയില്‍ റിസര്‍വ് അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായതും ക്രൂഡ് വില ഉയരാന്‍ കാരണമായി.
വരും ദിവസങ്ങളിലും ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഉയരാനുള്ള സാധ്യതയാണ് വിപണി വിദഗ്ദ്ധര്‍ കാണുന്നത്.












