ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സൈനിക-നയതന്ത്രതല ചര്‍ച്ചകളിലും പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെന്ന് എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് സിംഗ് പറയുന്നു.
തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച ട്രൂപ്പുകളെ പിന്‍വലിക്കാന്‍ സാധിക്കില്ല. അതിര്‍ത്തി തര്‍ക്കങ്ങളില്‍ പരിഹാരം തേടാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ വെര്‍ച്ച്വല്‍ യോഗങ്ങള്‍ നടത്തിയിരുന്നു. അടുത്ത് ഇനിയും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ സന്ദേശ വിനിമയം നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ തുടരാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്ന ഒരു കാര്യത്തെയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യ മര്യാദയോടെ ഇടപെടുന്നതിന് അര്‍ത്ഥം നമ്മുടെ അഭിമാനത്തിനു നേര്‍ക്ക് ആക്രമണം നടത്താമെന്നോ അത് നാം നിശ്ശബ്ദമായി നോക്കിക്കൊണ്ടിരിക്കുമെന്നോ അല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.