തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 21 ന് നിയമസഭ ചര്‍ച്ച ചെയ്യും. രണ്ട് മണിക്കൂറാണ് സഭയില്‍ ചര്‍ച്ച നടക്കുന്നത്. ഈ സമയം ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം പരിഗണിക്കാനൊരുങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീകര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം. എം. ഉമ്മറാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീകര്‍ക്കെതിരായ ആക്ഷേപങ്ങളെല്ലാം സഭയില്‍ ഉന്നയിക്കാനുളള അവസരമായി പ്രതിപക്ഷം ഈ അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണാനാണ് സാധ്യത.
അതേസമയം നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സഭാ സമ്മേളനം 22 ന് അവസാനിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. നേരത്തെ 28 വരെയാണ് സഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്.