തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഈ മാസം 28ന് ഹാജരാകണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശം. മന്ത്രിമാരടക്കം ആറ് പ്രതികള്‍ ഹാജരായാല്‍ അന്നുതന്നെ കുറ്റപത്രം വായിക്കുമെന്നും തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.
ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് കേസ്. മന്ത്രിമാരായ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ അടക്കം ആറ് പ്രതികളാണ് കേസില്‍ ഉളളത്.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാനായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ ആറുപേരും ഇന്ന് ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്.
രണ്ട് മന്ത്രിമാര്‍ അസുഖ ബാധിതരായതിനാല്‍ ഒന്നിച്ച് ഹാജരാകാന്‍ സാധിക്കില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ ഈമാസം 28ന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.