മുംബൈ: ഓഹരി വിപണി ഇന്ന് വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. ഇന്നലെ 13,600 പോയിന്റിലെ പ്രതിരോധം ഭേദിച്ച് നിഫ്‌റ്റി ഇന്ന് 11,700ന് മുകളിലേക്ക് നീങ്ങി. 58 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 13,740ലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റി വ്യാപാരത്തിനിടെ 13,773 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ് 223 പോയിന്റ് ഉയര്‍ന്ന് 46,890ല്‍ ക്ലോസ് ചെയ്തു.
ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫാര്‍മ, റിയല്‍ എസ്റ്റേറ്റ് ഓഹരികളാണ് ഇന്ന് പ്രധാനമായും മുന്നേറ്റത്തില്‍ പങ്കുകൊണ്ടത്. അതേ സമയം മെറ്റല്‍ ഓഹരികള്‍ ഇടിവ് നേരിട്ടു.
നിഫ്‌റ്റി ഓഹരികളില്‍ ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്‌സി എന്നിവയാണ് മുന്നില്‍ നിന്നത്. അതേ സമയം നിഫ്‌റ്റിയിലെ ഭൂരിഭാഗം ഓഹരികളും ഇടിവ് നേരിട്ടു. 50 നിഫ്‌റ്റി ഓഹരികളില്‍ 16 എണ്ണം മാത്രമാണ് നേട്ടം രേഖപ്പെടുത്തിയത്.
ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്‌സി, ദിവിസ് ലാബ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ 2 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രമുഖ കമ്പനിയായ ദിവിസ് ലബോറട്ടറീസിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ മറികടന്നു. ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 3832 രൂപയിലേക്ക് ദിവിസ് ലബോറട്ടറീസിന്റെ ഓഹരി വില ഉയര്‍ന്നു.