മുംബൈ: സെന്‍സെക്‌സ് 937 പോയിന്റും നിഫ്‌റ്റി 271 പോയിന്റും ഇടിഞ്ഞു. ഓഹരി വിപണി തുടര്‍ച്ചയായ നാലാമത്തെ ദിവസവും ഇടിവ് നേരിടുകയാണ് ചെയ്‌തത്. വില്‍പ്പന സമ്മര്‍ദത്തിന് ഒടുവില്‍ സെന്‍സെക്‌സ് 47409.93ലും നിഫ്‌റ്റി 13967.50ലുമാണ് ഇന്ന് ക്ലോസ് ചെയ്‌തത്.
ഫെബ്രുവരി 1ന് നടക്കുന്ന കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായാണ് വിപണി ശക്തമായ തിരുത്തലിന് വിധേയമായത്. കഴിഞ്ഞ സെപ്‌റ്റംബറിന് ശേഷം ആദ്യമായാണ് വിപണി തുടര്‍ച്ചയായി നാല് ദിവസം ഇടിവ് നേരിടുന്നത്.
ഓഹരി വിപണിയില്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 5 ശതമാനത്തിലേറെയാണ് തിരുത്തല്‍ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്‌ച 14,750ന് മുകളിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഉയര്‍ന്ന നിഫ്‌റ്റി അതിനു ശേഷം ഏകദേശം 800 പോയിന്റ് ഇടിവാണ് നേരിട്ടത്.
ജനുവരിയില്‍ ഓഹരി വിപണിയിലുണ്ടായ നേട്ടം മുഴുവനായി ഈ തിരുത്തലില്‍ നഷ്‌ടപ്പെട്ടു കഴിഞ്ഞു. ഡിസംബര്‍ 31ന് 13,981 പോയിന്റിലായിരുന്ന നിഫ്‌റ്റി ഇന്ന് ക്ലോസ് ചെയ്‌തത് 13,967ലാണ്. 14,000ല്‍ ഉണ്ടായിരുന്ന സുപ്രധാനമായ താങ്ങാണ് ഇന്ന് ഭേദിക്കപ്പെട്ടത്. സെന്‍സെക്‌സ് 47,500ന് താഴെയാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 38ഉം ഇന്ന് ഇട്‌വ് നേരിട്ടു. എഫ്‌എംസിജി ഇന്‍ഡക്‌സ് ഒഴികെ എല്ലാ മേഖലകളും നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി ബാങ്ക് സൂചിക 900 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. നിഫ്‌റ്റി മെറ്റല്‍, ഫാര്‍മ, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.
ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് ടാറ്റാ ഗ്രൂപ്പ് ഓഹരികളായ ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ടൈറ്റാന്‍ എന്നിവയാണ്. ഇവ നാല് ശതമാനത്തിലേറെ ഇടിഞ്ഞു.
നിഫ്‌റ്റി ഓഹരികളില്‍ ടെക് മഹീന്ദ്ര ആണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ടെക് മഹീന്ദ്ര ഓഹരി വില 2.62 ശതമാനമാണ് ഉയര്‍ന്നത്.



















