സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. സ്വപ്നയ്‌ക്ക് സ്വർണക്കടത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ സാമ്പത്തിക ഭീകരവാദമെന്ന എൻഐഎ അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും അന്വേഷണ സംഘം കോടതിയിൽ അറയിച്ചിരുന്നു. എൻഐഎയ്ക്കു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ വിജയ കുമാറാണ് കോടതിയിൽ ഹാജരായത്.
അതേസമയം, ഇത് നികുതി വെട്ടിച്ച കേസ് മാത്രമാണെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകളും തെളിവെടുപ്പുകളും പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു സ്വപ്ന കോടതിയോട് അപേക്ഷിച്ചത്. സ്വപ്നയുടെ പേരിൽ ബാങ്ക് ലോക്കറുകളിൽ കണ്ടെത്തിയ പണത്തിന് ഉറവിടം കാണിക്കാമെന്നും സ്വർണത്തിന്റെ ഉടമസ്ഥാവകാശത്തിന് തെളിവു ഹാജരാക്കാമെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവാഹത്തിൽ സ്വർണാഭരണം ധരിച്ച് നിൽക്കുന്നതിന്റെ ഫോട്ടോയും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ സ്വപ്നയ്ക്കെതിരായ എൻഐഎ കേസ് കൂടുതൽ ഗൗരവമുള്ളതാണെന്ന അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.











