ന്യൂസിലന്റില്‍ വന്‍ ഭൂരപക്ഷത്തോടെ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. 49.2 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ച ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 120 സീറ്റുകളില്‍ 64 ഉം സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി ജുഡിത്ത് കോളിനേക്കാള്‍ വലിയ ഭൂരിപക്ഷം വോട്ടുകളാണ് ജസീന്തയ്ക്ക് ലഭിച്ചത്.
പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനു ശേഷമുള്ള ന്യൂസിലന്റിലെ ആദ്യ എകകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ജസീന്ത ആര്‍ഡനും ലേബര്‍ പാര്‍ട്ടിക്കും ഇത് ചരിത്ര നിമിഷമായിരിക്കും. ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷം കിട്ടുമെന്നാണ് സൂചന.
അതേസമയം കൂടുതല്‍ വോട്ടുകള്‍ നേടി മുന്നേറുന്ന ലേബര്‍ പാര്‍ട്ടിക്ക് ജുഡിത്ത് കോളിന്‍ ആശംസകളറിയിച്ചു. ജസീന്തയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലെയ്റെ സാബോ വ്യക്തമാക്കി.











