ബീജിംഗ് : ചൈനയില്‍ ഒരു പുതിയ വൈറസ് മൂലമുണ്ടായ പകര്‍ച്ചവ്യാധിയില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 60 രോഗബാധിതരാകുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ് എസ്.എഫ്.ടി.എസ് വൈറസ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ 37 ലധികം ആളുകള്‍ക്ക് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ എസ്.എഫ്.ടി.എസ് വൈറസ് രോഗം പിടിപെട്ടു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയതായി ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാന്‍ജിംഗില്‍ നിന്നുള്ള ഒരു സ്ത്രീയ്ക്ക് പനി, ചുമ തുടങ്ങിയ ലക്ഷണളോടെ വൈറസ് ബാധയുണ്ടായി. ഇവരുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം റയുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
അന്‍ഹുയിയിലും കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലും വൈറസ് ബാധിച്ച് ഏഴ് പേര്‍ മരിച്ചു. എസ്.എഫ്.ടി.എസ് വൈറസ് ഒരു പുതിയ വൈറസല്ല. 2011 ലാണ് ചൈന ഈ വൈറസിനെ തിരിച്ചറിഞ്ഞത്. ഇത് ബന്യവൈറസ് വിഭാഗത്തില്‍ പെടുന്നു.അണുബാധ മനുഷ്യര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്നും മനുഷ്യര്‍ക്കിടയില്‍ വൈറസ് പകരുമെന്നും വൈറോളജിസ്റ്റുകള്‍ വിശ്വസിക്കുന്നു.
മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാനാവില്ലെന്ന് സെജിയാങ് സര്‍വകലാശാലയുടെ കീഴിലുള്ള ആദ്യത്തെ അനുബന്ധ ആശുപത്രിയിലെ ഡോക്ടര്‍ ഷെങ് ജിഫാംഗ് പറഞ്ഞു. രോഗികളുടെ രക്തത്തിലൂടെയോ കഫം വഴിയോ മറ്റുള്ളവര്‍ക്ക് വൈറസ് പകരാനിടയുണ്ട്. ആളുകള്‍ ജാഗ്രത പാലിക്കുന്നിടത്തോളം കാലം, അത്തരം വൈറസ് ബാധയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.



















