മിനുസമുള്ള പ്രതലങ്ങളില്‍ നോവല്‍ കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പുതിയ പഠനം. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍, കറന്‍സി നോട്ടുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവയില്‍ 28 ദിവസം വരെ വൈറസ് നില്‍ക്കുമെന്നാണ് ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ പഠനം വ്യക്തമാക്കുന്നത്.
വായുവിലൂടെയും മലിന ജലത്തിലൂടെയും കോവിഡ് പകരാമെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. കറന്‍സി നോട്ടുകളിലും ഗ്ലാസിലും രണ്ട് മുതല്‍ മൂന്ന് ദിവസം വരെ വൈറസ് നിലനില്‍ക്കുമെന്നായിരുന്നു നേരത്തെയുളള കണ്ടെത്തല്‍. 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് ഇത്. എന്നാല്‍ 40 ഡിഗ്രിയില്‍ 24 മണിക്കൂര്‍ മാത്രമെ വൈറസിന് ആയുസ്സുള്ളൂ എന്നും പഠനം പറയുന്നു.
അതേസമയം ഭക്ഷണത്തിലൂടെയോ ഭക്ഷണപ്പൊതികളിലൂടെയോ കോവിഡ് പകരുന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നുണ്ടെങ്കിലും മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു.