ന്യൂഡല്‍ഹി: ലോകത്തിന് ഭീഷണിയായി അതിവേഗം പടരുന്ന കൊറോണ വൈറസ്. ജനിതക മാറ്റം സംഭവിച്ച വൈറസിനെ ബ്രിട്ടനിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ അതിവ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍.
പുതിയ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ യുറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവച്ചു. സൗദി അറേബ്യ രാജ്യാതിര്‍ത്തികള്‍ അടച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളാണ് സൗദി അടച്ചത്. അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഒരാഴ്ചത്തേക്ക് സൗദി നിര്‍ത്തലാക്കി.
ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയിലും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് അധ്യക്ഷനായ ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പ് രാവിലെ യോഗം ചേരും.
അതേസമയം യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല. ഇതേ വൈറസ് നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ കോവിഡ്-19 രോഗികളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കു-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസ് കൂടുതലായി കാണപ്പെടുന്നത്.