വയനാട് ചുരം ബദൽ പാത ഒരുങ്ങുകയാണ്. വയനാട്ടിലേക്കു പുതിയ വഴിയാണ് ഇതിലൂടെ തുറക്കുന്നത്. 658 കോടിയുടെ കിഫ്‌ബി പദ്ധതിയാണ്. ആനക്കാംപോയിൽ – കളളാടി – മേപ്പാടി തുരങ്ക പാത നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 5 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. തിരുവാമ്പാടി എം.എല്‍.എ ശ്രീ.ജോർജ്ജ്.എം. തോമസ് പങ്കെടുക്കും.
“മ്മടെ താമരശ്ശേരി ചൊരം ” എന്ന അനശ്വര നടൻ ശ്രീ. കുതിരവട്ടം പപ്പുവിൻ്റെ പ്രസിദ്ധമായ പ്രയോഗത്തിലൂടെയും പ്രകൃതി ഭംഗിയുടെ അസുലഭ സമൃദ്ധിയിലൂടെയും വയനാട് -കോഴിക്കോട് ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു സഞ്ചാരപാതയുടെ, പൊക്കിൾക്കൊടി ബന്ധത്തിന് തുല്യമായ ഉപയോഗമാഹാത്മ്യം കൊണ്ടും പ്രസിദ്ധമായ താമരശ്ശേരി ചുരം ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം അറ്റകുറ്റപ്പണികൾ നടത്തുകയും പലയിടങ്ങളിലും വീതി കൂട്ടുകയും ചെയ്തിരുന്നു.
https://www.facebook.com/Comrade.G.Sudhakaran/posts/3318042698231844
രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ചുരങ്ങളിലൊന്നായ താമരശ്ശേരി ചുരത്തിൽ വാഹനപ്പെരുപ്പം കൊണ്ടും മഴക്കാലത്തെ മണ്ണിടിച്ചിൽ കൊണ്ടും നിരന്തരമായി ഗതാഗത തടസ്സം ഉണ്ടാവുന്നു. മഴക്കാലത്ത് മാസങ്ങളോളം ഗതാഗതം തടസ്സപ്പെട്ട അവസ്ഥയുണ്ടായിട്ടുമുണ്ട്.
ദേശീയപാത 766- കോഴിക്കോട്-കൽപ്പറ്റ – മൈസൂർ-ബാഗ്ലൂർ റോഡിലെ ഈ പ്രധാന പാത ഇനിയും വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികൾ നടത്തുന്നതിനും ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി വരുന്ന ബദൽപാതയായ ആനക്കാം പോയിൽ – കളളാടി – മേപ്പാടി തുരങ്ക പാത ഇടതു സർക്കാരിൻ്റെ ഒരു സ്വപ്ന പദ്ധതിയാണ്.
കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പിലാവുന്ന ഈ പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി Sണൽ നിർമ്മാണത്തിൽ ഗംഭീര വൈദഗ്ദ്ധ്യമുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷനെ 31.5.2019ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം നിയമിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാവുക .
പേവ്ഡ് ഷോൾഡറോട് കൂടി രണ്ടു വരിയിൽ മുറിപ്പുഴയിൽ നിന്നുമാരംഭിച്ച് കള്ളാടിയിൽ അവസാനിക്കുന്ന തരത്തിൽ 7.826 കി.മീ നീളത്തിലാണ് തുരങ്ക പാതയുടെ നിർമ്മാണം.Sണലിൻ്റെ നീളം 6.910 കി.മീറ്ററായിരിക്കും.
ഇരവഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും തെക്കു ഭാഗത്ത് 750 മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും അപ്രോച്ച് റോഡുകളുമുണ്ടാവും.
80 കി.മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ഈ റോഡ് യാഥാർത്ഥ്യമാവുന്നതോടുകൂടി കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കും അതുവഴി ബാംഗ്ലൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിയേക്കും തിരിച്ചുമുള്ള യാത്രയിൽ ഒരു മണിക്കൂറോളം സമയ ലാഭമുണ്ടാവും.
ഈ പദ്ധതിക്കായി കിഫ് ബി ഫണ്ടിൽ നിന്നും 658 കോടി രൂപയ്ക്കുള്ള പ്രാഥമിക ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിനാകെയും കോഴിക്കോട്-വയനാട് ജില്ലകൾക്ക് പ്രത്യേകിച്ചും ഉപകാരപ്രദമാവുന്നുറപ്പാണ്. ഒപ്പം ടൂറിസം മേഖലയ്ക്കും ഈ പദ്ധതി വളരെയേറെ സഹായകരമാകും
വയനാട്ടിലെ അത്യപൂർവ്വമായ സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് തുരങ്ക പാതയുടെ നിർമ്മാണം സംസ്ഥാന സർക്കാർ പരിഗണിച്ചിട്ടുള്ളത്.നിർമ്മാണ പ്രവൃത്തി വഴിയുള്ള പാരിസ്ഥിതിക ആഘാതങ്ങൾ പരിമിതപ്പെടുത്തുന്നതോടൊപ്പം വന്യമൃഗങ്ങളും യാത്രികരും പരസ്പരം അപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യാമെന്നതാണ് ഈ ബൃഹത് പദ്ധതിയുടെ നന്മ വശം.

















