റിയാദ് : ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കുമുള്ള പുതിയ വ്യവസ്ഥകളുടെ ആദ്യ ഘട്ടം നിലവില്‍വന്നു. മുഴുവന്‍ ജീവനക്കാര്‍ക്കും കാലാവധിയുള്ള ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കല്‍, സ്ഥാപനങ്ങള്‍ക്ക് കാലാവധിയുള്ള ലൈസന്‍സ് ഉണ്ടായിരിക്കല്‍, വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ ഉല്‍പന്നങ്ങളിലും വില രേഖപ്പെടുത്തല്‍, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നീ വ്യവസ്ഥകള്‍ പാലിക്കല്‍ ഇന്നലെ മുതല്‍ നിര്‍ബന്ധമായി.
രണ്ടാം ഘട്ടം ജൂണ്‍ 29 ന് നിലവില്‍ വരും. ഇ-ബില്ലിംഗ് സംവിധാനം ഉണ്ടായിരിക്കല്‍, നെയിം ബോര്‍ഡുകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കല്‍, ഉള്‍വശം കാണുന്ന നിലക്ക് മുന്‍വശം പൂര്‍ണമായും സുതാര്യമായിരിക്കല്‍, ഉള്‍വശം കാണുന്ന നിലക്ക് സുതാര്യമായ, വലിച്ച് തുറക്കുന്ന ഡോര്‍ ഉണ്ടായിരിക്കല്‍, സ്ഥാപനത്തിനകത്ത് മുഴുവന്‍ വെളിച്ചമുണ്ടായിരിക്കല്‍, നിലവും മേല്‍ക്കൂരയും ഭിത്തികളും റാക്കുകളും ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളും വൃത്തിയുള്ളതായിരിക്കല്‍ എന്നീ വ്യവസ്ഥകള്‍ പാലിക്കല്‍ രണ്ടാം ഘട്ടത്തില്‍ നിര്‍ബന്ധമാണ്. റെഫ്രിജറേറ്ററുകളും ഫ്രീസറുകളും പരിസരപ്രദേശങ്ങളും വൃത്തിയുള്ളതായിരിക്കല്‍, റാക്കുകള്‍ക്കിടയില്‍ മിനിമം അകലം പാലിക്കല്‍, ശുചീകരണ വസ്തുക്കളും ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളില്‍നിന്ന് ദൂരെ സൂക്ഷിക്കല്‍, അഗ്‌നിശമന സിലിണ്ടറുകള്‍ ഉണ്ടായിരിക്കല്‍, ഫസ്റ്റ് എയിഡ് ബോക്സ് തൂക്കല്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട വ്യവസ്ഥകളാണ്.