ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. 61 പുതിയ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ മാസത്തിനു ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രോഗ ബാധിത മേഖലകളില്‍ സര്‍ക്കാര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച കൊറോണ വൈറസ് ലോകമെമ്പാടും ഇപ്പോഴും പ്രതിസന്ധിസൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
പുതിയ കോവിഡ് കേസുകളില്‍ 57 എണ്ണവും ഷിന്‍ജിയാങ് മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് മിക്കവര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രാദേശിക തലസ്ഥാനമായ ഉറുംഖിയില്‍ ജൂലൈ പകുതിയോടെ പെട്ടെന്ന് വൈറസ് വ്യാപനം ഉണ്ടാവുകയും ചെയ്തിരുന്നു. വടക്കു കിഴക്കന്‍ പ്രവശ്യയായ ലിയോണിംഗില്‍ പതിനാല് ആഭ്യന്തര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗര പ്രദേശമായ ഡാലിയനില്‍ കഴിഞ്ഞയാഴ്ച പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുകയും ചെയ്തു. 3.5 ദശലക്ഷം ആളുകള്‍ ഉളള നഗരത്തില്‍ 2.3 ദശലക്ഷം ആളുകളില്‍ ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് വീണ്ടും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വീണ്ടും മഹാമാരി പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് ചൈനീസ് ആരോഗ്യ മേഖല. ഏപ്രില്‍ 14 ന് ചൈനയില്‍ 89 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷം ഇന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ രണ്ട് ദിവസങ്ങളിലായി തലസ്ഥാനമായ ബെയ്ജിങ്ങില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തില്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് പെട്ടെന്ന് പലര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യം ആരോഗ്യ മേഖലയെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.