ഡല്‍ഹി: നേപ്പാളിലും രാമക്ഷേത്രം ഒരുങ്ങുന്നു. നേപ്പാളിലെ രാമന്‍ ജനിച്ച സ്ഥലമെന്ന് വിശ്വസിക്കുന്ന തോറി എന്ന സ്ഥലത്താണ് നേപ്പാള്‍ സര്‍ക്കാര്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ എന്നീ മൂര്‍ത്തികളെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു ക്ഷേത്ര സമുച്ചയമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നേപ്പാളിലെ മാഡി മുനിസിപ്പാലിറ്റിയിലെ തോറി ഉള്‍പ്പെട്ട പ്രദേശത്തിന്റെ പേര് അയോധ്യ പുരി എന്നാക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട് കഴിഞ്ഞു. ഈ വരുന്ന ദസറ കാലത്ത് സമുച്ചയത്തിന്റെ ഭൂമിപൂജ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേപ്പാളിലെ ജനക്ക്പുരിയിലാണ് സീത ജനിച്ചതെന്നും, എല്ലാവര്‍ഷവും അയോധ്യയില്‍ (ഇപ്പോള്‍ തോറി എന്നറിയപ്പെടുന്ന സ്ഥലം ) നിന്ന് ജനക്ക്പുരിയിലേയ്ക്ക് രാം ബറാത്ത് ഘോഷയാത്ര നടക്കാറുള്ളതാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു അയോധ്യ നേപ്പാളില്‍ ആണെന്നും, ശ്രീരാമന്‍ നേപ്പാളി ആണെന്നും അവകാശമുന്നയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി രംഗത്തെത്തിയത്.