ന്യൂഡല്‍ഹി: നീറ്റ് ജെഇഇ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നിശ്ചയിച്ച തിയതിയില്‍ തന്നെ പരീക്ഷകള്‍ നടക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.
ജീവിതം മുന്നോട്ടുപോകേണ്ടതുണ്ട്. കോവിഡ് പ്രതിസന്ധി ചിലപ്പോള്‍ ഒരു വര്‍ഷം വരെ തുടര്‍ന്നേക്കാം. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് മുന്നോട്ടുപോകേണ്ടത് അനിവാര്യമാണ്. ഒരു വര്‍ഷം മുഴുവന്‍ കളയാന്‍ തയ്യാറാണോ എന്ന് വിദ്യാര്‍ഥികളോട് അരുണ്‍മിശ്ര ചോദിച്ചു. പരീക്ഷ മാറ്റിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാകുമെന്നും കോടതി വ്യക്തമാക്കി.
സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അവസാനം തീരുമാനിച്ചത്. എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സുപ്രീംകോടതിയെ അറിയിച്ചു.