തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുകയാണെന്ന് മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാര്‍. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് നിയമങ്ങള്‍ ചുട്ടെടുക്കുന്നത്. സമ്പൂര്‍ണ ഏകാധിപത്യ ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ അടിയറവ് പറയുമെന്നും അദ്ദേപം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്.ഡി.പി.ഐ രാജ്ഭവനു മുമ്പില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം നല്‍കുന്നതിന് കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ആരോപിച്ചു. ഫാഷിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തെറിയുന്നു എന്നു മാത്രമല്ല പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം നഷ്ടപ്പെടും. സംസ്ഥാന ഭരണം സ്തംഭിപ്പിക്കാനും കേന്ദ്ര ചൊല്‍പ്പടിയില്‍ നിര്‍ത്താനും അതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











