തിരുവനന്തപുരം: എന്‍സിപിയിലെ തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടും. മാണി സി കാപ്പനുമായും എ.കെ ശശീന്ദ്രനുമായും ചര്‍ച്ച നടത്തും. എന്‍സിപി മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.
അതേസമയം, എന്‍സിപിയുടെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്‌റ്റര്‍ അറിയിച്ചു. പാലാ എന്നല്ല ഒരു സീറ്റും വിട്ടുകൊടുക്കില്ല. ജയിച്ച പാര്‍ട്ടി, തോറ്റപാര്‍ട്ടിയ‌്ക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് പീതാംബരന്‍ മാസ്‌റ്റര്‍ പ്രതികരിച്ചു.
‘എ.കെ ശശീന്ദ്രന്‍ പറഞ്ഞിട്ടാണ് ഒറ്റപ്പെട്ട യോഗങ്ങള്‍ നടക്കുന്നതെന്ന് കരുതുന്നില്ല. പാല സീറ്റ് വിട്ടുകൊടുക്കില്ല. പാലായില്‍ കഴിഞ്ഞ 20 വര്‍ഷംകൊണ്ട് ക്രമമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ ശക്തിപ്പെടുത്തി വളര്‍ത്തിയെടുത്ത് പാര്‍ട്ടിയാണിത്. കെഎം മാണിക്കെതിരെ വര്‍ഷങ്ങളായി മത്സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന്, മാണി ജീവിച്ചിരിക്കുമ്ബോള്‍ തന്നെ അവസാന തിരഞ്ഞെടുപ്പില്‍ എന്‍സിപിയ‌്ക്ക് വിജയം നേടാന്‍ കഴിഞ്ഞു. എന്നിട്ടിപ്പോള്‍ ജയിച്ച പാര്‍ട്ടി, തോറ്റപാര്‍ട്ടിയ‌്ക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. അതിന് ന്യായീകരണമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ‌്നമേയില്ല. കാലങ്ങളായി മത്സരിച്ച് വിജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കില്ല’-പീതാംബരന്‍ മാസ്‌റ്റര്‍ പറഞ്ഞു.











