ജയ്‌സാല്‍മീര്‍: രാജ്യാതിര്‍ത്തിയില്‍ ആരെങ്കിലും പരീക്ഷണത്തിന് മുതിര്‍ന്നാല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ദീപാവലി ദിനത്തില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീരില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സംരക്ഷിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്നവരാണ് സൈനികര്‍. ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താന്‍ സൈന്യം സുസജ്ജമാണ്. ദീപാവലി ആഘോഷം പൂര്‍ണമാകുന്നത് സൈനികര്‍ക്കൊപ്പം ആഘോഷിക്കുമ്പോഴാണ്. എല്ലാ ഭാരതീയരുടെയും പേരില്‍ സൈനികര്‍ക്ക് ആശംകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈനികര്‍ രാജ്യത്തിന്റെ സമ്പത്താണ്. എന്തും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് നാം തെളിയിച്ചു. ഭാരതത്തെ തകര്‍ക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിക്കും സാധിക്കില്ല. വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ശക്തികളെക്കൊണ്ട് ലോകം കുഴപ്പത്തിലായിരിക്കുകയാണ്. വൈകൃത മനസുകളാണ് അവരെ നയിക്കുന്നത്. മറ്റുള്ളവരെ മനസിലാക്കുകയും മനസിലാക്കിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ നയമെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.