പള്ളിക്കര: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അമ്പലമേട്ടില്‍ എത്തും. അമ്പലമേട് ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ പ്രൊപിലിന്‍ ഡെറിവേറ്റിവ്സ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി) ഉദ്ഘാടനത്തിനാണ് പ്രധാനമായും അദ്ദേഹം എത്തുന്നത്. 2019 ജനുവരിയില്‍ മോദി തന്നെയാണ് ഇതിന് തറക്കല്ലിട്ടത്.
6000 കോടി മുടക്കി നടപ്പാക്കിയ പി.ഡി.പി.പി സംസ്ഥാനത്ത് പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ക്ക് പുതിയ സാധ്യതകളാണ് തുറക്കുന്നത്. ഡിറ്റര്‍ജന്റ്‌സ്, പെയിന്റ്, പശ, സോള്‍വെന്റ്‌സ്, ജലശുദ്ധീകരണത്തിനുള്ള രാസവസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളായ അക്രിലേറ്റ്സ്, അക്രിലിക് ആസിഡ്, ഓക്സോ ആല്‍ക്കഹോള്‍സ് എന്നിവയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. അക്രിലേറ്റ്സും അക്രിലിക് ആസിഡും ഇന്ത്യ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയായിരുന്നു.
പ്രതിവര്‍ഷം 1,60,000 ടണ്‍ ഉല്‍പാദന ശേഷിയുള്ള അക്രിലിക് ആസിഡ് യൂനിറ്റ് ഇന്ത്യയില്‍ ആദ്യത്തേതാണ്. ഓക്സോ ആല്‍ക്കഹോള്‍ യൂനിറ്റിന്റെ ശേഷി 2,12,000 ടണ്ണും അക്രിലിറ്റ്സിന്റേത് 1,90,000 ടണ്ണുമാണ്. അക്രിലേറ്റ്സ് യൂനിറ്റും രാജ്യത്ത് ആദ്യത്തേതാണ്.
16,500 കോടി മുടക്കി നിര്‍മിക്കുന്ന സംയോജന വികസന പദ്ധതിയുടെ തുടര്‍ച്ചയായാണ് റിഫൈനറിയില്‍ പി.ഡി.പി.പി നടപ്പാക്കിയത്.
രണ്ടാംഘട്ടമായി 2023-24ല്‍ പോളിയോള്‍സ് പ്ലാന്റ് പൂര്‍ത്തിയാകും. പി.ഡി.പി.പിയില്‍നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ചെറുകിട വ്യവസായ യൂനിറ്റുകള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ അമ്ബലമുകളില്‍ പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്.