കണ്ണൂര്‍: വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും വിശ്വാസികളെ അംഗീകരിച്ചെ മുന്നോട്ട് പോകാനാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ നിലപാടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. ‘ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് പ്രസ്ഥാവന. എംവി ഗോവിന്ദന് നേര്‍ ബുദ്ധി വന്നത് ഇപ്പോഴാണ്. പാര്‍ട്ടി ക്ലാസുകള്‍ നടത്തുന്ന ആള്‍ക്കുണ്ടായ തിരിച്ചറിവാണ് വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ലെന്നത്. തൊഴിലാളികളോട് മാപ്പുപറയാന്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമാക്കി നിറുത്താനുളള കഠിന ശ്രമത്തിലാണ് യു ഡി എഫ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങള്‍ അവര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവന ഉണ്ടായത്. ഇതോടെയാണ് സി പി എം വെട്ടിലായത്. എന്നാല്‍ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം മാറികൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തെ തന്നെ സി പി എം ചവറ്റുകൊട്ടയിലെറിഞ്ഞ സാഹചര്യത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത് ശരിയാണ്. കേരളത്തിലെ സി പി എമ്മും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പരിഹാസം.