കെ.അരവിന്ദ്
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിവരുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. സാധാരണക്കാര്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നത് തീര്‍ച്ചയായും ആരോഗ്യകരമായ സൂചനയാണ്. എന്നാല്‍ ഇതില്‍ എത്ര പേര്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ശാസ്ത്രീയായി ചെയ്യുന്നുണ്ട്?
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഫലപ്രദമാകണമെങ്കില്‍ അതിനു പിന്നില്‍ ഒരു ആസൂത്രണമുണ്ടാകേണ്ടതുണ്ട്. വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഇക്വിറ്റി ഫണ്ട് തിരഞ്ഞെടുത്ത് നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ ഇതുകൊണ്ടു മാത്രം നിക്ഷേപം ഫലപ്രദമാകുമോ?
സ്വന്തം നിലയില്‍ ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ മിക്ക നിക്ഷേപകരും പ്രാധാന്യം കൊടുക്കുന്നത് ഇതുവരെയുള്ള റിട്ടേണിനാണ്. ഫണ്ടിന്റെ സ്വഭാവമെന്താണെന്നോ നിക്ഷേപിക്കുന്ന രീതി എങ്ങനെയാണെന്നോ ഫണ്ട് മാനേജര്‍ ആരാണെന്നോ നോക്കാതെ മുന്‍കാലത്തെ റിട്ടേണിനെ മാത്രം അടിസ്ഥാനമാക്കി സ്‌കീം തിരഞ്ഞെടുക്കുന്നത് പല തുടക്കക്കാരും ചെയ്യുന്ന രീതിയാണ്. പക്ഷേ ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് ശരിയായ ഒരു പോര്‍ട്ട്ഫോളിയോ രൂപീകരിക്കുന്നതിന് നിങ്ങളെ സഹായിക്കണമെന്നില്ല.
പലപ്പോഴും ഉയര്‍ന്ന നേട്ടം കാംക്ഷിച്ച് ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് തുടക്കക്കാരായ നിക്ഷേപകര്‍ അനുവര്‍ത്തിക്കുന്ന രീതി. ഓഹരി വിപണി കുതിക്കുമ്പോള്‍ സ്മോള്‍കാപ് ഫണ്ടുകള്‍ പോലുള്ള ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകള്‍ വളരെ മികച്ച നേട്ടം നല്‍കുന്നത് കാണാറുണ്ട്. ഈ നേട്ടം ഭാവിയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ പലരും താല്‍പ്പര്യം കാട്ടാറുണ്ട്.
എന്നാല്‍ ഓഹരി വിപണി തിരുത്തലിലേക്ക് കടക്കുകയും ചാഞ്ചാട്ടം ശക്തമാകുകയും ചെയ്യുമ്പോള്‍ ഇത്തരം ഫണ്ടുകള്‍ നഷ്ടം രേഖപ്പെടുന്നത് സാധാരണമാണ്. ദീര്‍ഘകാലത്തേക്ക് കൈവശം വെക്കുന്നതിലൂടെ മാത്രമേ ഓഹരി ബന്ധിത നിക്ഷേപത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാകൂവെന്ന അടിസ്ഥാന തത്വത്തെ കുറിച്ച് മനസിലാക്കാതെ നഷ്ടം സഹിച്ച് വില്‍പ്പന നടത്തുന്ന നിക്ഷേപകരുണ്ട്.
അതേ സമയം ഒരു പോര്‍ട്ഫോളിയോ അഡൈ്വസറെയോ ഫിനാന്‍ഷ്യല്‍ പ്ലാനറെ യോ സമീപിക്കുകയാണെങ്കില്‍ ആര്‍ത്തിക്കും ഭയത്തിനുമിടയിലുള്ള ശരിയായ പാത നിങ്ങ ള്‍ക്ക് കണ്ടെത്താനാകും. ഒരു ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഏതെങ്കിലും ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം നടത്താനുള്ള നിര്‍ദേശമല്ല നല്‍കുന്നത്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും കടബാധ്യതയും വയസും റിസ്‌ക് സന്നദ്ധതയും കണക്കിലെടുത്ത് ഒരു പോര്‍ട്ഫോളിയോ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്വിറ്റി ഫണ്ടുകളിലും ഡെറ്റ് ഫണ്ടുകളിലും എങ്ങ നെ വൈവിധ്യവല്‍കൃതമായി നിക്ഷേപിക്കാമെന്ന് നിങ്ങളുടെ റിസ്‌ക് സന്നദ്ധതയ്ക്ക് അനുസരിച്ച് പോര്‍ട്ഫോളിയോ മാനേജര്‍ നിര്‍ദേശം നല്‍കുന്നു.
വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഗൗനിക്കാതെ ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരാനും ആവശ്യമായ സമയത്ത് പോര്‍ട്ഫോളിയോ പുന:പരിശോധനക്ക് വിധേയമാക്കാനും പോര്‍ട്ഫോളിയോ മാനേജര്‍ നിങ്ങളെ സഹായിക്കുന്നു. വിപണി കാലാവസ്ഥക്ക് അനുസൃതമായി ശരിയായ ഫണ്ടുകളെ പോര്‍ട്ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം ആവശ്യമാണ്.