മസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷത്തെ മസ്‌കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കിയതായി മസ്‌കത്ത് നഗരസഭ അധികൃതര്‍ അറിയിച്ചു. ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെയാണ് ഫെസ്റ്റിവല്‍ നടക്കേണ്ടിയിരുന്നത്.വിശദമായ പഠനശേഷം ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ റദ്ദാക്കുന്നതിനായുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മസ്‌കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കുന്നത്. കഴിഞ്ഞ വര്‍ഷം മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഫെസ്റ്റിവല്‍ റദ്ദാക്കിയത്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ കര്‍ക്കശമാക്കിയത്. ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച് 221 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,32,011 ആയി. 620 പേര്‍ക്കുകൂടി രോഗം ഭേദമായി. 1,23,593 പേരാണ് ഇതുവരെ രോഗമുക്തരായത്. രണ്ടുപേര്‍കൂടി മരിച്ചു. 1514 പേരാണ് ഇതുവരെ മരിച്ചത്. ആറുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 21 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.