കണ്ണവം : ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകൻ കണ്ണവം സ്വദേശി സയ്യിദ് മുഹമ്മദ് സലാഹുദ്ദീന് (30) വെട്ടേറ്റുമരിച്ച സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സലാഹുദ്ദീൻ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.40ഓടെ ചിറ്റാരിപ്പറമ്പിനടുത്ത കൈച്ചേരിയിലായിരുന്നു സംഭവം. രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരുന്നതിനിടെ കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സലാഹുദ്ദീന് വാഹനത്തില്‍നിന്ന് ഇറങ്ങി. ഈ സമയം രണ്ടുപേര്‍ പിന്നില്‍നിന്ന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവത്രെ. തുടര്‍ന്ന് അക്രമിസംഘം രക്ഷപ്പെട്ടു. കഴുത്തിലും, തലക്കും ആഴത്തിൽ വെട്ടേറ്റ സലാഹുദ്ദീനെ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കണ്ണവം ലത്തീഫിയ ഹൗസിൽ യാസിൻ കോയ തങ്ങളുടെയും നുസൈബയുടെയും മകനാണ് സലാഹുദ്ദീന്. സഹോദരങ്ങൾ: നിസാമുദ്ദീൻ, ഫസലുദ്ദീൻ, ലത്തീഫ, സാഹിദ, സഹിദയ.
കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. 2018 ജനുവരി 19ന് എ.ബി.വി.പി പ്രവര്‍ത്തകനും കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥിയുമായിരുന്ന ശ്യാമപ്രസാദിനെ കോളയാട് കൊമ്മേരിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. കണ്ണൂർ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയും ഉന്നത പൊലീസ് സംഘവും സ്ഥലം സന്ദർശിച്ചിരുന്നു.