സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വര്‍ത്തമാനം’ എന്ന ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെ ഭരണ പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.
‘രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തില്‍ അത് ഒരു ശീലമായി മാറിയെങ്കില്‍, അതിന്റെ അര്‍ഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്’, മുരളി ഗോപി കുറിച്ചു.
https://www.facebook.com/murali.gopy/posts/2859797607597696
ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ് അഡ്വ.വി.സന്ദീപ് കുമാര്‍ പറഞ്ഞത്. ജെ.എന്‍.യു സമരത്തിലെ മുസ്ലിം -ദളിത് പീഡനമാണ് സിനിമയുടെ പ്രമേയമെന്നും ബിജെപിയുടെ എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു.