തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് രാവിലെ 11-നും ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് തെരഞ്ഞെടുപ്പ്.
ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് നടക്കും.
കേവല ഭൂരിപക്ഷമില്ലാത്ത പലയിടങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കണ്ണൂര്‍ ഇരിട്ടി നഗരസഭയില്‍ അഞ്ച് സീറ്റുള്ള ബിജെപിയുടെയും മൂന്ന് സീറ്റുള്ള എസ്.ഡി.പി.ഐയുടെയും നിലപാട് നിര്‍ണായകമാകും. കളമശ്ശേരില്‍ വിമതരുടെ അടക്കം പിന്തുണയോടെ ഇടത് മുന്നണിക്കും യുഡിഎഫിനും 20 വീതം സീറ്റുകളുണ്ട്. 41 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഒരു അംഗം ബിജെപിയുടേതാണ്. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നാല്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കണ്ടിവരും.
കോട്ടയം ഭരണം ടോസിലൂടെ തീരുമാനിക്കും. ഏറ്റുമാനൂരില്‍ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി കൂടി പിന്തുണച്ചാല്‍ യുഡിഎഫിന് ഭരണത്തില്‍ വരാം. ചങ്ങാനാശേരിയിലും സ്വതന്ത്രരരുടെ തീരുമാനം നിര്‍ണായകം. പത്തനംതിട്ടയില്‍ എസ്.ഡി.പി.ഐ തീരുമാനം നിര്‍ണായകമാകും. മൂന്ന് സ്വതന്ത്ര അംഗങ്ങളെ ആശ്രയിച്ചായിരിക്കും തീരുമാനം.
മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമുള്ള മാവേലിക്കര നഗരസഭയില്‍ സിപിഎം വിമതന്‍ ആയി ജയിച്ച കെവി ശ്രീകുമാര്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫിനും എല്‍ഡിഎഫിനും പതിനാല് വീതം സീറ്റ് കിട്ടിയ കൊല്ലം പരവൂര്‍ നഗരസഭയില്‍ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും കണ്ടെത്താന്‍ നറുക്കെടുപ്പ് വേണ്ടി വന്നേക്കും.