ഐ പി എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് കീഴടക്കിയത്. വിജയത്തോടെ പോയൻ്റ് പട്ടികയിൽ മുംബൈ ഒന്നാമതെത്തി.
സ്കോർ:
കൊൽക്കത്ത 148/5(20)
മുംബൈ 149/2 (16.5)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊൽക്കത്തയുടെ തുടക്കം മോശമായി. ത്രിപതി,റാണ,കാർത്തിക് എന്നിവർ പെട്ടെന്ന് പുറത്തായി. ശുഭ്മാൻ ഗിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 21 ൽ എത്തി നിൽക്കെ പുറത്തായി. റസലും മടങ്ങിയതോടെ കൊൽക്കത്തയുടെ സ്കോറിംഗ് മന്ദഗതിയിലായി. റൺസ് വിട്ടുകൊടുക്കാൻ മുംബൈ ബൗളർമാർ പിശുക്ക് കാട്ടി. ക്യാപ്റ്റൻ മോർഗനൊപ്പം പാറ്റ് കമ്മിൻസ് ഒത്തുചേർന്നതോടെയാണ് കൊൽക്കത്ത മത്സരത്തിലേയ്ക്ക് തിരിച്ചു വന്നത്. കമ്മിൻസ് 53(36)-മോർഗൻ 39(29) കൂട്ടുകെട്ടാണ് കൊൽക്കത്തയെ സാമാന്യം ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.
149 റൺസ് വിജയലക്ഷ്യം മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളി ഉയർത്തിയതേയില്ല. രോഹിത് ശർമ്മയും ഡി കോക്കും ചേർന്ന് മികച്ച തുടക്കം നൽകി. 36 പന്തിൽ 35 റൺസെടുത്ത് രോഹിത് പുറത്തായെങ്കിലും ഡി കോക്ക് നിലയുറപ്പിച്ചു. സൂര്യകുമാർ യാദവ് പെട്ടെന്ന് പുറത്തായി. പിന്നീടെത്തിയ ഹർദിക് പാണ്ഡ്യ, ഡി കോക്കുമായി ചേർന്ന് മുംബൈയെ വിജയത്തിലേയ്ക്ക് നയിച്ചു. 19 ബോൾ ബാക്കിനിൽക്കെ മുംബൈയ്ക്ക് എട്ട് വിക്കറ്റിൻ്റെ ജയം. ഡി കോക്ക് 44 ബോളിൽ 78 റൺസെടുത്തു.