കോവിഡ് മഹാമാരിക്കാലത്ത് അകന്നു നിന്നുകൊണ്ടു ഒപ്പം ചേരാം എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച MAQNA ‘മിസ്സിസ് മലയാളി ക്വീന്‍ നോര്‍ത്ത് അമേരിക്ക’ പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും, പ്രാതിനിധ്യം കൊണ്ടും ശ്രേദ്ധേയമായി . പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ എവിടെയോക്കയോ നഷ്ടപ്പെടുന്ന സര്‍ഗ്ഗ വാസനകളെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തിന്നായി പ്രവര്‍ത്തിക്കുന്ന എസ്ര ഈവന്റെസ് ( EZRA EVENTS ) ഒരുകൂട്ടം പ്രവാസി മലയാളികളുടെ പ്രസ്ഥാനമാണ്.
എസ്ര ഈവന്റെസ് ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സംഘടിപ്പിച്ച മാതൃകാപരമായ പരിപാടിയായിരുന്നു MAQNA -മിസ്സിസ് മലയാളി ക്വീന്‍ നോര്‍ത്ത് അമേരിക്ക. തികച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു തികവാര്‍ന്ന സാങ്കേതിക മികവോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ചു. നോര്ത്ത് അമേരിക്കയില് ഉള്ള മലയാളി വീട്ടമ്മമാരുടെ സര്‍ഗ്ഗവാസനയെ പുറത്തേക്കു കൊണ്ടുവരാനുള്ള ഒരു വേദി ഒരുക്കികൊടുക്കുവാന്‍ കൂടിയാണ് ഇത്തരത്തിലുള്ള ഒരു സൗന്ദര്യ മത്സരം സംഘടിപ്പിച്ചതെന്ന് മുഖ്യ സംഘാടകയും കാനഡയില്‍ സ്ഥിരതാമസവുമാക്കിയ തിരുവനന്തപുരം സ്വദേശി സയോണ സംഗീത് പറഞ്ഞു.
അമ്പതിലധികം എന്‍ട്രികളില്‍ നിന്നും അവസാന റൗണ്ടിലെത്തിയ ഒന്‍പതു പേര്‍ക്ക് പ്രഗല്‍ഭരായ കലാകാരന്മാരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശീലനം നല്കുകയും അതിന്റെ ആത്മവിശ്വാസത്തില്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു. ഒരുപക്ഷേ ഇതരത്തിലുള്ള ഒരു ഓണ്‍ലൈന്‍ സൗന്ദര്യ മത്സരം ഇത് ആദ്യത്തേതാണ്. മത്സരാര്‍ത്ഥികള്‍ അവരവരുടെ വീടുകളില്‍ നിന്നുമാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്. കുറച്ചുനേരത്തേക്ക് വീടുകള്‍ വാക്കിങ് റാമ്പ് ആയിമാറിയ വ്യത്യസ്ഥമായ അനുഭവമാണ് കാണാന്‍ കഴിഞ്ഞത്.
മത്സരത്തിന്റെ പ്രധാന വിധികര്‍ത്താക്കളായി പ്രശസ്ത നടിയും നര്‍ത്തകിയുമായ നവ്യ നായര്‍ ആലപ്പുഴയിലെ അവരുടെ വസതിയില്‍ നിന്നും, പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റ് രഞ്ചു രഞ്ജിമാര്‍ എറണാകുളത്തു നിന്നും, പ്രശസ്ത മോഡലും, മിസ്റ്റര്‍ കേരളാ ടോപ് 10 മത്സരാര്‍ഥിയായ ജിതിന്‍ എ ലൂക്ക് കൊല്ലത്തു നിന്നും മത്സരം നിയന്ത്രിക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തു. കൂടാതെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയം പിടിച്ചു പറ്റിയ പ്രശസ്ത പിന്നണി ഗായകന്‍ നിതിന്‍ രാജിന്റെ സംഗീത വിരുന്നും പരിപാടിക്ക് മാറ്റു പകര്‍ന്നു. കപ്പ ടീവി ഫെയിം സിന്തിയ ലവിന്റെ മികവുറ്റ അവതരണം ശ്രേദ്ധേയമായി.
MAQNA -മിസ്സിസ് മലയാളി ക്വീന്‍ നോര്‍ത്ത് അമേരിക്കയായി ദിയ മോഹന്‍ , ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി മേഘ പുത്തൂരാന്‍ , സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയി അഞ്ജന ഗ്രേസ് പ്രിന്‍സ് എന്നിവരെ തിരഞ്ഞെടുത്തു. മത്സരത്തിന്റെ മുഖ്യ ക്രിയേറ്റീവ് ഡറക്ടര്‍മാരായ സയോണ സംഗീതും നിവിന്‍ പെരേരയും അടുത്ത സീസണ്‍ വരും മാസങ്ങളില്‍ ഉണ്ടായിരിക്കും എന്നും അറിയിച്ചു.












