ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ കെഎം മാണിയുടെ മകളുടെ ഭര്‍ത്താവ് എംപി ജോസഫ്. സിപിഐഎം സഹകരണം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.
ജോസ് കെ മാണിക്ക് എല്‍ഡിഎഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് വ്യക്തമാക്കി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് ജോസഫ്. കോണ്‍ഗ്രസ് മനോഭാവമുള്ള ഒരു വ്യക്തിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും ഇടത് പ്രവര്‍ത്തകന് വോട്ട് ചെയ്യാന്‍. മാണി സാറിന് പോലും അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. കുറച്ചുനാള്‍ യുഡിഎഫില്‍ നിന്നും മാറി നിന്നെങ്കിലും അദ്ദേഹം തിരിച്ചുവരികയായിരുന്നെന്നും ജോസഫ് പറഞ്ഞു.
ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന നേതൃയോഗത്തില്‍ പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്റെ നീക്കം.
മാണി സി കാപ്പന്‍ വിജയിച്ച സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചിട്ടുണ്ട്. പാലാ, കുട്ടനാട്, ഏലത്തൂര്‍ മണ്ഡലങ്ങളില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ വിട്ടുകൊടുക്കണമെന്ന് സിപിഐഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പന്‍ എന്‍സിപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

















