അബുദാബിയിലേക്കുള്ള പ്രവേശനത്തിനായി ദുബായ്-അബുദാബി അതിർത്തിയിലെ ഗാന്‍ റൂട്ട് ചെക്ക് പോയിന്റിനടുത്തുള്ള പ്രത്യേക പരിശോധനാ കേന്ദ്രത്തിൽ പ്രതിദിനം 6,000 പേരെ കൊറോണ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.50 ദിർഹം ചെലവിൽ 5 മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്ന ഈ റാപിഡ് ലേസർ പരിശോധന നിലവിൽ അപ്പോയ്ന്റ്മെന്റ് വഴിയാണ് നടത്താനാകുക. കുടുംബങ്ങൾക്ക് മുൻഗണന നൽകുന്നുണ്ട്. ഏകദേശം 150 ഓളം ജീവനക്കാർ ലാബിൽ പ്രവർത്തിക്കുണ്ട്. കാർഡു വഴി പേയ്‌മെന്റ് നടത്തി നടപടി ക്രമങ്ങൾ 15 മിനിറ്റിനുള്ളിൽ പൂർത്തീകരിക്കാം.
മറ്റു എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് കടക്കാൻ കോവിഡ് നെഗറ്റീവ് റിസൾട്ട് ആവശ്യമാണ്. നേരത്തെ റിസൾട്ടുമായി എത്തുന്നതിലെ അപ്രായോഗികത പരിഹരിക്കാനാണ് അടുത്തിടെ റാപിഡ് ടെസ്റ്റ് സംവിധാനം അതിർത്തിയിൽ ഒരുക്കിയത്. പ്രതിദിനം പതിനായിരം പരിശോധന നടത്താൻ ഈ താത്കാലിക കേന്ദ്രത്തിനു സാധിക്കും. വാരാന്ത്യത്തിൽ പരിശോധന 8000 കടക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിലാണ് ശരാശരി ആറായിരത്തിൽ എത്തും . രക്ത സാമ്പിൾ ശേഖരിച്ചാണ് പരിശോധന.റിസൾട്ട് പോസിറ്റീവ് ആയാൽ സ്രവം ശേഖരിച്ചു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. ആ പരിശോധന ഫലത്തിന് 24 മണിക്കൂർ സമയം എടുക്കും.
അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ മെഡിക്കൽ വിഭാഗമായ ക്വാണ്ട്ലേസ് ഇമേജിംഗ് ലാബാണ് ദ്രുത പരിശോധന വികസിപ്പിച്ചിരിക്കുന്നത്.












