ഡല്‍ഹി: സാഗര്‍മാല പദ്ധതിയുടെ കീഴില്‍ തീരദേശ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജല ഗതാഗത മന്ത്രാലയം നിരന്തരം ശ്രമിച്ചു വരുന്നു. രാജ്യത്തിന്റെ 7,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുറമുഖ അധിഷ്ഠിത വികസനതിനുള്ള ഫ്‌ലാഗ് ഷിപ്പ് പദ്ധതിയാണ് സാഗര്‍മാല.
കൊച്ചി, മുംബൈ /ജെ.എന്‍.പി.ടി, ഗോവ എന്നിവയുള്‍പ്പെടെയുള്ള ആഭ്യന്തര കേന്ദ്രങ്ങളും ഛത്തോഗ്രാം (ബംഗ്ലാദേശ്), സെയ്‌ഷെല്‍സ് (ഈസ്റ്റ് ആഫ്രിക്ക), മഡഗാസ്‌കര്‍ (ഈസ്റ്റ് ആഫ്രിക്ക), ജാഫ്‌ന (ശ്രീലങ്ക) എന്നീ നാല് ഇടങ്ങളെ ബന്ധിപ്പിക്കുന്ന 6 അന്താരാഷ്ട്ര റൂട്ടുകളും ഫെറി സര്‍വീസുകള്‍ ഉപയോഗിച്ചുള്ള ഉള്‍നാടന്‍ ജലപാതയ്ക്കായി മന്ത്രാലയം പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാഗര്‍മാല ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് വഴി സ്വകാര്യ ഓപ്പറേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തി രാജ്യത്തെ വിവിധ ജലപാതകളില്‍ റോ-റോ, റോ-പാക്‌സ്, ഫെറി സര്‍വീസുകള്‍ നടത്താന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നു. ഗതാഗത സംവിധാനം വര്‍ദ്ധിപ്പിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സമയവും ചെലവും ലാഭിക്കുക, റോഡ്-റെയില്‍ ശൃംഖലയുടെ തിരക്ക് കുറയ്ക്കുക എന്നിവയാണ് ഉദ്ദേശലക്ഷ്യങ്ങള്‍.












