പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിന് മനോഹരമായ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. കുഞ്ഞ് അപ്പുവിനൊപ്പവും ഇപ്പോഴത്തെ അപ്പുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ മകന് പിറന്നാള്‍ ആശംസിച്ചത്. ‘എന്റെ കുഞ്ഞ് മകന്‍ ഇനി അത്ര കുഞ്ഞല്ല. നീ വളരും തോറും, നല്ലൊരു വ്യക്തിത്വമായി മാറും തോറും അഭിമാനിക്കാന്‍ മാത്രമാണ് എനിക്ക് തോന്നുന്നത്’-ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു.
ചെന്നൈയിലെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം പ്രണവ് കേക്ക് മുറിച്ചു. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ മോഹന്‍ലാലും കുടുംബവും ചെന്നൈയില്‍ തന്നെയാണ് താമസം. ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രണവ് പിറന്നാള്‍ ആഘോഷിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2002ല്‍ ഒന്നാമന്‍ എന്ന സിനിമയില്‍ ബാലതാരമായാണ് പ്രണവ് സിനിമയിലേക്ക് കടക്കുന്നത്. തുടര്‍ന്ന് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചു. ജിത്തു ജോസഫിന്‍റെ ആദി എന്ന സിനിമയിലൂടെ നായകനായി വെള്ളിത്തിരയില്‍ തിളങ്ങി. അരുണ്‍ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലും അഭിനയിച്ചു. ഇപ്പോള്‍ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന പ്രിയദര്‍ശന്‍ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്നത്. കോവിഡ് കാരണം ചിത്രത്തിന്‍റെ പ്രദര്‍ശനം വൈകിയിരിക്കുകയാണ്.
വിനീത് ശ്രീനിവാസന്‍റെ ഹൃദയം എന്ന സിനിമയാണ് പുതിയ പ്രോജക്ട്. ലോക്ക് ഡൗണ്‍ കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്.


















