ദുബായ്: കോവിഡ് കാലത്ത് വിവാഹം ലളിതമായി നടത്തിയ ദമ്പതികളെ തേടി എത്തിയത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ആശംസാ കാര്‍ഡ്.
‘നിങ്ങളുടെ വിവാഹത്തിന് അഭിനന്ദനങ്ങൾ. സ്നേഹവും വാത്സല്യവും നിറഞ്ഞ ഇഴയടുപ്പമുള്ള കുടുംബം കെട്ടിപ്പടുക്കാൻ അല്ലാഹു നിങ്ങളെ സഹായിക്കട്ടെ. നിങ്ങളുടെ കുടുംബം നന്മയുടെയും ദാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ഒരു വിത്തായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്ന് അദ്ദേഹം ആശംസാ കത്തില്‍ എഴുതി.
ഇന്നത്തെ കാലത്ത് വിവാഹ ചടങ്ങുകൾ ലളിതമായി നടത്തണമെന്ന അഭിപ്രായമാണ് യുഎഇയിലെ ഭൂരിഭാഗം ചെറുപ്പക്കാരും. വിവാഹം എപ്രകാരമായിക്കണം എന്നതുമായി ബന്ധപ്പെട്ട് ഫെഡറൽ യൂത്ത് അതോറിറ്റി സോഷ്യൽ മീഡിയ വിഴി നടത്തിയ സര്‍വ്വേയില്‍ ആയ്യായിരത്തിലധികം ചെറുപ്പക്കാരാണ് പങ്കെടുത്തത്. ഇതില്‍ 90 ശതമാനം പേരും ലളിതമായ വിവാഹ ചടങ്ങുകളോട് യോജിക്കുന്നവരാണ്. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ എല്ലാ വിവാഹങ്ങളും വലിയ ആഘോഷങ്ങളോ ആള്‍ക്കൂട്ടമോ ഇല്ലാതെ സ്വന്തം വീടുകളില്‍ വച്ച് ലളിതമായാണ് നടത്തുന്നത്.


















