ഡല്‍ഹി: രാജ്യത്തിന് വേണ്ടി പൊരുതുന്ന സൈനികര്‍ക്ക് പിന്നില്‍ പാര്‍ലമെന്റും എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മാതൃരാജ്യത്തെ സംരക്ഷിക്കാനുളള അഭിനിവേശത്തോടെയും ദൃഢനിശ്ചയത്തോടും കൂടി നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ ഉറച്ചു നില്‍ക്കുകയാണ്. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവര്‍ നില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ അതിര്‍ത്തിയില്‍ മഞ്ഞു വീഴ്ചയും ഉണ്ടാകും. അതിനാല്‍ തന്നെ സൈനികര്‍ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഐക്യത്തോടെയുളള ഒരു സന്ദേശം പാര്‍ലമെന്റില്‍ നിന്ന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.