ഇടുക്കി: മുസ്ലീം സമുദായത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ സിപിഎമ്മാണെന്ന് മന്ത്രി എം.എം മണി. എ.വിജയരാഘവന്റെ ലീഗ് വിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ചാണ് മണി രംഗത്തെത്തിയത്. മുസ്ലീങ്ങളുടെ മുഴുവന്‍ അവകാശം ലീഗിനില്ല. മുസ്ലിം ലീഗിനെതിരായ വിമര്‍ശനം തുടരുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ല രൂപീകരിച്ചത് മുന്‍ മുഖ്യമന്ത്രി ഇഎംഎസാണ്. തലശേരി, മാറാട് കലാപകാലത്ത് മുണ്ട് മടക്കിക്കുത്തി നിന്നത് സിപിഎമ്മുകാരനും. സി.എച്ച് അടക്കം ഒരുത്തരും അങ്ങോട്ട് വന്നിട്ടില്ല. മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ ഡല്‍ഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്ക് എന്ത് സംഭവിച്ചെന്നും മണി ചോദിച്ചു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെയും എം.എം മണി വിമര്‍ശിച്ചു. കോണ്‍ഗ്രസ് വാഗ്ദാനം വെറും ബഡായിയാണെന്നും സുപ്രീംകോടതിയിലുള്ള വിഷയത്തില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗിനെതിരായ പരാമര്‍ശത്തില്‍ എ.വിജയരാഘവനെ സിപിഎം തിരുത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പുകാലത്ത് ജാഗ്രത വേണമെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. വിഷയത്തില്‍ പ്രതികരിച്ച സിപിഐ നേതൃത്വവും വിജയരാഘവന്റെ വിമര്‍ശനം ഏറ്റെടുക്കാന്‍ തയാറായില്ലായിരുന്നു.