തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സമരം കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തിയും സംഘടനാ ശക്തി കാട്ടിയും ഭയപ്പെടുത്തി അന്വേഷണം വഴിമുട്ടിന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍.
അന്വേഷണത്തെ തടസപ്പെടുത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്വതന്ത്രമായ കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ വികസന പദ്ധതികള്‍ തകര്‍ക്കുകയാണ് കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യമെന്ന് ആരോപിച്ച് നവംബര്‍ പതിനാറിന് സമരം നടത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്.
സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും പങ്കിനെ കുറിച്ച് കൂടുതല്‍ തെളിവുകളാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ ധാര്‍മിക ഉത്തരവാദിത്വം വര്‍ധിച്ചെന്നും ഹസ്സന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭങ്ങളെ കണ്ടില്ലെന്നു നടിക്കുകയും അതിനെ മൃഗീയമായി അടിച്ചമര്‍ത്താനുമുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശിവശങ്കറിന്റെയും സി.എം രവീന്ദ്രന്റെയും ക്രമക്കേടുകളിലെ പങ്കിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. അതിനു പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിയുകയും അവരെ കുറ്റപ്പെടുത്തുകയുമാണ് മുഖ്യമന്ത്രി.
ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതയില്‍ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കുന്ന വാദ ഗതികളാണ് ഉന്നയിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലും സ്വര്‍ണക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു നിമിഷം അധികാരത്തില്‍ തുടരരുതെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.