ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയും നിരാശയും അര്‍പ്പിച്ച് പ്രവാസി സമൂഹം
അബുദാബി : സംസ്ഥാന ബജറ്റ് വ്യവസായ സംരംഭങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമാകുമെന്ന് പ്രവാസികളായ സംരംഭകരുടെ വിലയിരുത്തല്‍.
ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെയുള്ള മേഖലകളെ പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ പാര്‍ക്കുകളും, ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളും തുടങ്ങുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.
സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്തതിനേയും സ്വാഗതം ചെയ്യുന്നതായും ഈ മേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ഇത് വഴിവെയ്ക്കുമെന്നും യൂസഫലി പറഞ്ഞു.
മിനി ഫുഡ് പാര്‍ക്കുകള്‍ വഴി കേരളത്തിന്റെ തനത് ഭക്ഷ്യ സമ്പത്തിന് വിദേശത്തേക്ക് കയറ്റുമതി അവസരവും ലഭ്യമാകും. ടൂറിസം, വിവര സാങ്കേതിക വിദ്യ, സംരഭകത്വം എന്നീ മേഖലകളില്‍ ഊന്നിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്നും യൂസഫലി അഭിപ്രായപ്പെട്ടു.
കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയ്ക്കും പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം തൊഴില്‍ നൈപുണ്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയത് യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന് സഹായകരമാകും.
പ്രവാസികള്‍ക്കായി പ്രത്യേക സംയോജന പദ്ധതി ആരംഭിച്ചതിനേയും യൂസഫലി സ്വാഗതം ചെയ്തുു.
പ്രവാസി ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയ ബജറ്റ് സ്വാഗതാര്‍ഹമാണെന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ധനകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് എംഡിയും സിഇഒയുമായ പി കെ സജിത് കുമാര്‍ പറഞ്ഞു.
നോര്‍ക റൂട്‌സ് വഴി പ്രവാസി ക്ഷേമത്തിനായി 147 കോടി രൂപ വകയിരുത്തിയിട്ടുള്ളതും തൊഴില്‍ നഷ്ടപ്പെട്ടും മറ്റും നാട്ടിലേക്ക് മടങ്ങിവരുന്നവര്‍ക്കായി പ്രവാസി ഏകോപന, പുനസംയോജന പദ്ധതി പ്രഖ്യാപിച്ചതും ഇതിനായി അമ്പതു കോടി നീക്കിവെച്ചതും പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതാണെന്നും സജിത് കുമാര്‍ പറഞ്ഞു.
യുക്രയിന്‍ പ്രതിസന്ധി മൂലം വിദ്യാഭ്യാസത്തിന് തടസ്സം നേരിട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി പത്തു കോടി രൂപ നീക്കിവെച്ചതും പ്രശംസനീയമാണ്- പികെ സജിത് കുമാര്‍ പറഞ്ഞു.
എന്നാല്‍, പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളോ പദ്ധതികളോ പ്രവാസി ക്ഷേമത്തിനായി ഉണ്ടാകാത്തത് നിരാശപ്പെടുത്തുന്നതായി ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി മുഹമദ് ജാബിര്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍, പുനരധിവാസം എന്നിവയില്‍ ഒരു പദ്ധതിയും നടപ്പിലാക്കാതെ പ്രവാസികളെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം വരവ് ഏറെ ദോഷകരമായി ബാധിച്ചവരാണ് പ്രവാസികള്‍. പ്രവാസികള്‍ക്ക് ബാധിച്ച ക്ഷീണം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും. കോവിഡ് കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയത് 15 ലക്ഷത്തോളം പ്രവാസികളാണ്. ഇവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കുറഞ്ഞ പലിശയ്ക്ക് ആയിരം കോടി രൂപ വായ്പ നല്‍കുമെന്ന പ്രഖ്യാപനം പേരവാസി സമൂഹത്തിന് ഏറെ ആശ്വാസം പകരുന്നതാണ്.











