ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പുരോഗതി കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാൻ വിലയിരുത്തി. ജമ്മു &കശ്മീർ, മണിപ്പൂർ, നാഗാലാൻഡ്, ഉത്തരാഖണ്ഡ് എന്നീ 4 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങൾ പദ്ധതിയിൽ ചേരാൻ ഉള്ള സാങ്കേതിക സമ്മതം അറിയിച്ചതായി മന്ത്രി പറഞ്ഞു. തുടർന്ന്, നിലവിൽ പദ്ധതിയുടെ ഭാഗമായ 20 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കൊപ്പം നാഷണൽ പോർട്ടബിലിറ്റി സംവിധാനത്തിൽ ഈ സംസ്ഥാനങ്ങളെക്കൂടി ചേർക്കാൻ ഉള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു. ഇതോടെ 2020 ഓഗസ്റ്റ് ഒന്നു മുതൽ ‘ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി’യിൽ ആകെ 24 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ടാകും.
ആന്ധ്രപ്രദേശ്, ബീഹാർ, ദാദ്ര നഗർ& ഹവേലി, ദാമൻ &ദിയു, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു &കാശ്മീർ, ജാർഖണ്ഡ്, കർണാടക, കേരളo, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ ആണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്. ഇതോടെ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിലെ 80 ശതമാനം വരുന്ന 65 കോടി ജനങ്ങൾക്ക് ഈ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ എവിടെ നിന്ന് വേണമെങ്കിലും നാഷണൽ പോർട്ടബിലിറ്റി റേഷൻ കാർഡ് വഴി ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയും. അവശേഷിക്കുന്നസംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളെ 2021 മാർച്ചോടെ നാഷണൽ പോർട്ടബിലിറ്റി സംവിധാനത്തിലേക്ക് ചേർക്കാനാണ് ഉദ്ദേശിക്കുന്നത്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ എല്ലാ ഉപഭോക്താക്കൾക്കും, രാജ്യത്ത് എവിടെ നിന്നും, റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സഹായിക്കുന്നതിന് കേന്ദ്ര പൊതു വിതരണ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’. ഇതിനായി നാഷണൽ പോർട്ടബിലിറ്റിക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണപ്രദേശങ്ങളുമായി സഹകരിച്ച് സംയോജിത പൊതുവിതരണ നിയന്ത്രണസംവിധാനം(IM-PDS) പദ്ധതി നടപ്പാക്കി വരുന്നു.
ഇതുവഴി ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിലെ ഗുണഭോക്താക്കളായ കുടിയേറ്റ തൊഴിലാളികൾക്ക് രാജ്യത്തെ ഏത് പ്രദേശത്തെയും ന്യായവില ഷോപ്പുകളിൽ നിന്നും അവരുടെ കൈവശമുള്ള റേഷൻ കാർഡ് ഉപയോഗിച്ച് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയും. ന്യായവില ഷോപ്പിലെ ബയോമെട്രിക്/ ആധാർ അധിഷ്ഠിത ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ സംവിധാനം ഉപയോഗിച്ചാണ് സാധനങ്ങൾ വാങ്ങാനാവുക.



















