കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ വിചാരണക്കോടതിയുടെ വിധി റദ്ദാക്കികൊണ്ടുളള ഹൈക്കോടതി ഉത്തരവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്ന് മന്ത്രി എ.കെ ബാലന്‍. ക്രിമിനല്‍ നീതിന്യായ നിര്‍വഹണ ചരിത്രത്തിലെ അപൂര്‍വമായ ഒരു വിധിയാണിതെന്ന് മന്ത്രി പറഞ്ഞു. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്ടേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല.ഇളയ കുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകളുണ്ടായി. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിര്‍ വിസ്താരം നടത്തിയില്ല. ഇത്തരം ഗുരുതരമായ പിഴവുകള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ വേണ്ട പോലെ ഇടപെടാന്‍ കോടതി തയ്യാറായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതിക്ക് ഇടപെടാമായിരുന്നു. കോടതി അതിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ കോടതി നടത്തി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നു.നീതിനിര്‍വഹണത്തില്‍ കോടതികാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന കാര്യത്തില്‍ ഗവണ്മെന്റിന് തുടക്കം മുതല്‍ തന്നെ നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കാന്‍ പലരും രംഗത്തുവന്നു. എന്നാല്‍ പഴുതുകളടച്ചുള്ള ഇടപെടലുകളിലൂടെ കുറ്റവാളികളെ ശിക്ഷിക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹൈക്കോടതി വിധി ഇക്കാര്യത്തില്‍ വലിയ പ്രചോദനമാണ്. കുറ്റമറ്റ രീതിയില്‍ പുനര്‍വിചാരണയും തുടര്‍ അന്വേഷണവും നടത്താനുള്ള എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ സൃഷ്ടിക്കും. വാളയാര്‍പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി പറഞ്ഞു.











