അബൂദാബിയിലെ സുപ്രധാന തുറമുഖ നഗരമായ മിന സായിദിലെ 144 നിലകളുള്ള മിനപ്ലാസ കെട്ടിട സമുച്ചയങ്ങള്‍ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ബോംബ് വെച്ച് തകര്‍ത്തു. വെറും 10 സെക്കന്റുകള്‍ക്കുള്ളില്‍ നാല് കൂറ്റന്‍ ടവറുകള്‍ നിലംപൊത്തിയതോടെ ‘അതിവേഗ പൊളി’ക്കുള്ള റെക്കോഡും സ്വന്തമാക്കി. പൊളിക്കുന്നതുകാണാന്‍ അബൂദബി കോര്‍ണിഷ് റോഡിലേക്ക് പതിനായിരങ്ങളാണ് എത്തിയത്. ഇതിന്റെ റിഹേഴ്സല്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. മനുഷ്യര്‍ക്കോ പ്രകൃതിക്കോ ഒരു അപകടവും ഉണ്ടാക്കാത്ത വിധം മിന പ്ലാസ ടവറുകള്‍ പൊളിക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും അബൂദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് എടുത്തിരുന്നു.
കെട്ടിടം പൊളിഞ്ഞുവീഴുന്നതിന്റെ പ്രകമ്പനവും പൊടിപടലങ്ങളും ശബ്ദ മലിനീകരണവും ഏറ്റവും കുറഞ്ഞ അളവില്‍ നിയന്ത്രിച്ചാണ് കെട്ടിടം തകര്‍ത്തതെന്ന് സ്ഫോടനം നടപ്പാക്കിയ മോഡോണ്‍ പ്രോപ്പര്‍ട്ടീസ് ഡെലിവറി ഡയറക്ടര്‍ അഹമ്മദ് അല്‍ ഷെയ്ഖ് അല്‍ സാബി അവകാശപ്പെട്ടു.
ടവറുകള്‍ തകര്‍ക്കുന്നതിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിനങ്ങളില്‍ മിന സായിദിലെ കടകളെല്ലാം താല്‍ക്കാലികമായി ബന്ധപ്പെട്ടവര്‍ അടപ്പിച്ചിരുന്നു. പൊലീസ്, സ്പെഷല്‍ ടാസ്‌ക് ഉദ്യോഗസ്ഥര്‍, സൈനികര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കു മാത്രമേ കെട്ടിടം പൊളിക്കുന്നതിനു മുമ്പും ശേഷവും മിന പ്ലാസ ടവറുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പ്രവേശനം അനുവദിച്ചുള്ളൂ.
നാല് ടവറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത് 6,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും വ്യക്തിഗതമായി പ്രോഗ്രാം ചെയ്ത 18,000 ഡിറ്റണേറ്ററുകളും.പ്ലാാസ്റ്റിക്കും പൊട്ടിത്തെറിക്കുന്ന കോര്‍ഡൈറ്റിന്റെയും മിശ്രിതമാണ് ഉപയോഗിച്ചതെന്ന് പൊളിച്ചുമാറ്റലിന്റെ ചുമതലയുള്ള മോഡോണ്‍ പ്രോപ്പര്‍ട്ടീസ് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ബില്‍ ഒ റീഗന്‍ പറഞ്ഞു. കെട്ടിടങ്ങളില്‍ 18,000 ദ്വാരങ്ങള്‍ തുരക്കുകയും ഓരോ ദ്വാരത്തിലും ഒരോ യൂനിറ്റ് സ്ഫോടകവസ്തുക്കള്‍ നിറക്കുകയും ചെയ്തു. ഡിറ്റണേറ്ററും ഫയറിങ് പോയന്റുകളുമായി ബന്ധിപ്പിച്ചു.
അബൂദബി നഗരത്തില്‍ സ്ഫോടനം കാര്യമായി ബാധിച്ചിട്ടില്ല. 18 മാസം മുമ്പാണ് കെട്ടിടം പൊളിക്കുന്ന പ്രോജക്ട് ആരംഭിച്ചത്. വിവിധ രീതികള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ ആലോചിച്ചെങ്കിലും ഏറ്റവും സുരക്ഷിതമായ രീതി സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ളതാണെന്ന വിലയിരുത്തലില്‍ എത്തുകയായിരുന്നു. ഓരോ കെട്ടിടത്തിനും എത്രമാത്രം സ്ഫോടകവസ്തു ആവശ്യമാണെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ യഥാര്‍ഥ കെട്ടിടത്തിന്റെ ഭാഗമല്ലാത്ത ഒട്ടേറെ നിരകള്‍ പുതുതായി നിര്‍മിച്ചു. കെട്ടിടത്തിനു സമീപത്തും കെട്ടിടത്തിലും നിലവിലുള്ള പൈപ്പുകള്‍, കേബിളുകള്‍ എന്നിവ നീക്കം ചെയ്തു. 18,000 ഡിറ്റണേറ്ററുകള്‍ക്കുള്ള ദ്വാരങ്ങള്‍ നിര്‍മിച്ചു. കെട്ടിടത്തിനുള്ളിലെ ചില ഘടനകള്‍ മുറിക്കുകയോ ഭാഗികമായി തകര്‍ക്കുകയോ ചെയ്തു. കെട്ടിടം പൊളിക്കുന്ന സമയത്ത് കൃത്യമായി പ്രവര്‍ത്തിക്കുമെന്നതും ഉറപ്പുവരുത്തി.അവസാന ഘട്ടത്തിലാണ് കെട്ടിടം ചാര്‍ജ് ചെയ്യുകയും സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയും ചെയ്തത്.
ആരംഭം മുതല്‍ നില തെറ്റിയ മിന പ്ലാസ
2007ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തില്‍ സ്വന്തമായി സ്വകാര്യ മെഡിക്കല്‍ സെന്റര്‍ ഉള്‍പ്പെടെ3 റെസിഡന്‍ഷ്യല്‍ ടവറുകളും, ഒരു ഓഫീസ് ടവറും നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്.എന്നാല്‍ പലവിധ കാരണങ്ങളാല്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. 2.5 ലക്ഷത്തോളം ചതുരശ്ര മീറ്ററില്‍ ആഢംബര സൗകര്യങ്ങളോടെയുള്ള അപ്പാര്‍ട്ട്മെന്റ് ടവറുകള്‍, ഓഫീസ് ബ്ലോക്ക് തുടങ്ങിയവ നിര്‍മിക്കാനായിരുന്നു പദ്ധതി.
അഞ്ചു വര്‍ഷത്തോളം നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി നടന്നെങ്കിലും പദ്ധതി ഉടമസ്ഥരും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2012 നവംബറില്‍ നിര്‍മ്മാണം നിര്‍ത്തിവച്ചു. 2014ല്‍ പുനരാരംഭിച്ചെങ്കിലും വീണ്ടും പാതിവഴിയില്‍ നിലച്ചു.2015 ല്‍നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്ന മലേഷ്യന്‍ കമ്പനി പ്രൊജക്ടില്‍ നിന്ന് പിന്‍മാറി. അതോടെ, പണിതീരാത്ത 144 നില കെട്ടിടങ്ങള്‍ ഇവിടെ അഭംഗിയായി നിലകൊണ്ടു.
ഏറെക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അബൂദാബി നഗര വികസന പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഈ പഴയ ടവറുകള്‍ പൊളിച്ചുമാറ്റുന്നത്. യുഎഇയിലെ ഏറ്റവും പ്രസിദ്ധമായ പ്രദേശങ്ങളിലൊന്നായ മിനാ സായിദ് ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ നേരത്തേ തയ്യാറായിക്കഴിഞ്ഞു. 30 ലക്ഷം ചതുരശ്ര മീറ്ററിലാണ് ഇവിടെ പുതിയ വ്യാപാര കേന്ദ്രം ഒരുങ്ങുന്നത്. അതോടെ ടൂറിസ്റ്റ് കേന്ദ്രത്തോടൊപ്പം വാണിജ്യ കേന്ദ്രം കൂടിയായി ഇത് മാറും. അതേസമയം, പ്രദേശത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്.