ഇനി മില്‍മയും ഫായിസും തമ്മില്‍ ഒരു കൊഴപ്പോം ഇല്ല. ഫായിസിന്റെ വൈറലായ വാക്കുകള്‍ ഉപയോഗിച്ച് പരസ്യം ചെയ്തതിന് പകരം മില്‍മയുടെ സമ്മാനവും പ്രതിഫലവും ഫായിസിനെ തേടി എത്തി. സമൂഹ മാധ്യമങ്ങള്‍ ഫായിസിനെ പ്രശംസിക്കുകയാണ്. ട്രോളുകളും മോട്ടിവേഷന്‍ പേജുകളും എല്ലാം ഒരുപോലെ ഫായിസിന്റെ വാക്കുകള്‍ ആഘോഷിച്ചു. മലപ്പുറം ജില്ല കലക്ടറുടെ കോവിഡ് പ്രതിരോധ പോസ്റ്ററില്‍ വരെ വന്നു.
ഇതിനിടയില്‍ മില്‍മ ഫായിസിന്റെ വാക്കുകള്‍ കടമെടുത്ത് പരസ്യവും പുറത്തിറക്കി. പരസ്യം ഹിറ്റ് ആയതിനു പിന്നാലെ ഫായിസിന് മില്‍മ പ്രതിഫലം നല്‍കണം എന്ന അവശ്യം സൈബര്‍ ലോകത്ത് അലയടിച്ചു, ട്രെന്‍ഡിംഗ് ആയി. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ മില്‍മ പ്രതിനിധികള്‍ ഫായിസിന്റെ വീട്ടില്‍ എത്തിയത്. ഫായിസിനെ കണ്ടു, അഭിനന്ദിച്ചു. 10,000 രൂപയും ഒരു സ്മാര്‍ട്ട് ടിവിയും മില്‍മയുടെ കിറ്റും നല്‍കി. എല്ലാവര്‍ക്കും സന്തോഷം, എല്ലാം ശുഭം. നടന്നതില്‍ ഒന്നും കൊഴപ്പവും ഇല്ലെന്ന് ഫായിസും. മില്‍മ നല്‍കിയ തുകയില്‍ നിന്ന് ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നും ഫായിസ് പറഞ്ഞു.
കടലാസ് പൂവ് വിചാരിച്ച പോലെ ആദ്യം റെഡ്യായില്ലെങ്കിലും പിന്നെ നടന്നത് എല്ലാം ഇങ്ങനെ റെഡ്യാകും എന്ന് ഫായിസ് സ്വപ്നത്തില്‍ പോലും കണ്ട് കാണില്ല. എന്തായാലും ‘നമ്മക്ക് ഒരു കൊഴപ്പോം ഇല്ല’ എന്ന നിഷ്ക്കളങ്കമായ വാക്കുകള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനം ഒരു മോട്ടിവേഷന്‍ വിദഗ്ദ്ധനും ഉണ്ടാക്കിയിട്ടില്ല എന്ന് കൂടി പറഞ്ഞ് വയ്ക്കുകയാണ് ഈ തുടര്‍ക്കാഴ്ചകള്‍.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫായിസിന്റെ വീഡിയോ: