യുക്രെയിനിൽ സൈനിക വിമാനം തകർന്ന് സൈനിക കേഡറ്റുകൾ ഉൾപ്പെടെ 22 പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. യുക്രെയിനിലെ ഖാർകിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50നായിരുന്നു സംഭവം.
ചുഹൂവ് സൈനിക വ്യോമതാവളത്തിൽ പറന്നുയർന്ന അന്റനോവ് -26 വിമാനമാണ് തകർന്നത്. 21 കേഡറ്റുകളും ഏഴ് ജീവനക്കാരും ഉൾപ്പെടെ 28 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മറ്റുള്ളവർക്കായി തെരച്ചിൽ നടത്തുകയാണെന്ന് യുക്രെയിൻ ആഭ്യന്തരമന്ത്രി ആന്റണ്‍ ജെറാഷ്ചെങ്കോ പറഞ്ഞു.
വിമാനാപകടത്തിന്റെ കാരണം വ്യക്തമല്ല. പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ഇന്ന് പ്രദേശം സന്ദർശിക്കുമെന്നും വിമാനാപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ജെറാഷ്ചെങ്കോ അറിയിച്ചു. വിമാനം തർന്നയുടനെ തീ പിടിച്ചിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്.


















